ബെയ്ലി പാലത്തിനു പിന്നിലുണ്ട്, മലയാളിയുടെ ഉരുക്കുകരം
Saturday, August 3, 2024 2:03 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: വയനാട് ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം പതിന്മടങ്ങ് ഉൗർജിതമാക്കുന്നതിനു മുണ്ടക്കൈയിൽ ബെയ്ലി പാലം അതിവേഗം പണിതുയർത്തിയതിനു പിന്നിൽ ഉരുക്കുകരം പോലെ പ്രവർത്തിച്ചത് മലയാളിയായ മേജർ ജനറൽ വി.ടി. മാത്യുവിന്റെ കർമകുശലത. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം ജൂലൈ ഒന്നിനാണ് കർണാടകയും കേരളവും ഉൾപ്പെടുന്ന ആർമി സബ് ഏരിയ ജനറൽ കമാൻഡിംഗ് ഓഫീസറായി നിയമിതനായത്.
കഴക്കൂട്ടം സൈനിക സ്കൂൾ, ദേശീയ ഡിഫൻസ് അക്കാദമി, ഡെറാഡൂണ്‍ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിൽ പരിശീലനം നേടിയ ശേഷം 1988-ൽ മദ്രാസ് റെജിമെന്റിൽ പ്രവേശിച്ചു.
36 വർഷത്തെ സേവനത്തിനിടെ സുപ്രധാനമായ നിരവധി പദവികൾ ഇദ്ദേഹത്തെ തേടിയെത്തി. കോംഗോയിൽ യു.എൻ.മിഷനിൽ സൈനികനിരീക്ഷകൻ, സുഡാനിൽ സമാധാന സേനയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നീനിലകളിൽ നടത്തിയ പ്രവർത്തനം ആഗോളശ്രദ്ധ നേടിയിരുന്നു.
സിംലയിൽ ട്രെയിനിംഗ് കമാൻഡിൽ സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് ആർമി സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിം ഗായി ചുമതലയേറ്റത്. മുത്തച്ഛനും മുൻ സൈനികനും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള പരേതനായ സെബാസ്റ്റ്യനിൽ നിന്നും ലഭിച്ച പ്രചോദനമാണ് കഴക്കൂട്ടം സൈനിക സ്കൂളിൽ ചേർന്നു പഠിക്കുന്നതിനും ഇന്ത്യൻ കരസേനയുടെ ഉന്നതസ്ഥാനത്ത് എത്തുന്നതിനും സഹായകമായത്.
ഏഴുമുട്ടം മാളിയേക്കൽ കുടുംബാംഗവും തൊടുപുഴ ബോയ്സ് എച്ച്എസ് റിട്ട.കായികാധ്യാപകൻ പരേതനായ പി.ഡി. മാത്യുവിന്റെയും ഏഴുമുട്ടം സെന്റ് മേരീസ് എൽപി സ്കൂൾ റിട്ട. അധ്യാപിക പരേതയായ റോസക്കുട്ടിയുടെയും മൂത്തമകനാണ്. ഭാര്യ മിനി. ടിഫാനി, മെവിൻ എന്നിവരാണ് മക്കൾ. ഏക സഹോദരൻ ജോമി ഐടി പ്രഫഷണലാണ്.