നഷ്ടത്തിന്റെ പ്രാഥമിക കണക്കെടുപ്പും ദുഷ്കരം
Saturday, August 3, 2024 2:03 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പും ദുഷ്കരം. മനുഷ്യജീവനു പുറമേ തകർന്ന വീടുകളും കടകളും അടക്കമുള്ള കെട്ടിടങ്ങൾ, വീട്ടുപകരണങ്ങൾ, ഉടമസ്ഥാവകാശമുള്ള ഭൂമി, കൃഷിനാശം, വളർത്തു മൃഗങ്ങളുടെ നഷ്ടം തുടങ്ങിയ സ്വകാര്യ നഷ്ടങ്ങളുടെ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കേണ്ടതുണ്ട്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വിവരശേഖരണമാണു നടക്കേണ്ടത്. എന്നാൽ, വീടുകൾക്കൊപ്പം കുടുംബം ഒന്നടങ്കം നഷ്ടമായതും രക്ഷാപ്രവർത്തനം ഇനിയും പൂർത്തിയാകാത്തതുമാണ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനു തടസമാകുന്നത്.
വീടുകളുടെ അളവ് അടക്കമുള്ള എല്ലാ വിവരങ്ങളും പഞ്ചായത്തിലും ഭൂമി സംബന്ധമായ രേഖകൾ റവന്യു ഓഫീസുകളിലുമാണ്. കൃഷിനാശത്തിന്റെ കണക്കുകൾ കൃഷി ഓഫീസിലും വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പുമാണ് കണക്കാക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം രക്ഷാദൗത്യത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ്.
ഈ സാഹചര്യത്തിലാണ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പു നടപടികൾ നീളുന്നത്. തിരിച്ചറിയാത്തതായി 74 മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കാൻ തയാറെടുക്കുകയാണ്. ഡിഎൻഎ പരിശോധന കഴിഞ്ഞ 134 ശരീരഭാഗങ്ങളുമുണ്ട്. ഇനിയും 200 ലേറെ പേരെ കണ്ടെത്താനുണ്ട്. ഇതും സർക്കാരിനു മുന്നിലുള്ള മറ്റൊരു വെല്ലുവിളിയാണ്.
വൈത്തിരി താലൂക്കിലെ മൂന്നു വില്ലേജുകളിൽ കാര്യമായ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നഷ്ടപരിഹാരവും പുനരധിവാസവും വേഗത്തിലാക്കാനായി മൂന്നു വില്ലേജുകളെയും ദുരന്തബാധിതമായി സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
ഈ മേഖലകൾ പുനർനിർമിക്കുകയും ഇവിടങ്ങളിൽ അവശേഷിക്കുന്നവർക്ക് പുനരധിവാസം ഒരുക്കുകയും വേണം. ഇവർക്ക് ഭൂമി, വീട് എന്നിവ കണ്ടെത്തണം. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം. ഇതിനെല്ലാമായി പ്രത്യേക രക്ഷാ പാക്കേജ് വരും ആഴ്ചകളിലെ മന്ത്രിസഭായോഗങ്ങളിൽ ചർച്ച ചെയ്തു പ്രഖ്യാപിക്കും. ഭൂരിഭാഗം മന്ത്രിമാരും ഇപ്പോഴും വയനാട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
ഒട്ടേറെ സന്നദ്ധ സംഘടനകൾ വീടുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ ഏതാണ്ട് 450നും 550നും ഇടയിൽ വീടുകൾ തകർന്നിട്ടുണ്ടാകാമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇവയെല്ലാം പുനരധിവാസ പദ്ധതിയിൽപ്പെടുത്തും. കൂടാതെ റോഡും തോടും പാലവും സ്കൂളും മറ്റു സേവനങ്ങളും ഒരുക്കേണ്ടതുണ്ട്.
ഇതിനായി പ്രത്യേക മാസ്റ്റർപ്ലാൻ വേണ്ടിവരും. നഷ്ടപരിഹാരം, കുടുംബം മുഴുവനായി നഷ്ടമായവരുടെ നഷ്ടപരിഹാരം, ഭൂമിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയവയും തയാറാക്കേണ്ടതുണ്ട്. എന്നാൽ, ഇപ്പോഴും രക്ഷാദൗത്യത്തിനാണ് മുൻഗണന നൽകിയിട്ടുള്ളതെന്നും മറ്റു കാര്യങ്ങൾ വൈകാതെ പിന്നീടു തീരുമാനിക്കുമെന്നാണ് സർക്കാർ കേന്ദ്രങ്ങൾ പറയുന്നത്.