മൂന്നു വില്ലേജുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു
Saturday, August 3, 2024 2:03 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാര നടപടി അടക്കം വേഗത്തിലാക്കുന്നതിനായി മൂന്നു വില്ലേജുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു സർക്കാർ.
വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിൽ പെടുന്ന കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലൈ 30മുതൽ മുൻകാല പ്രാബല്യം നൽകിയാണ് സർക്കാർ വിജ്ഞാപനം ഇറക്കുക.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കും വീടും സ്വത്തും നഷ്ടപ്പെട്ടവർക്കും ധനസഹായം നൽകുന്നത് അടക്കമുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. ദുരന്തനിവാരണ നിയമപ്രകാരം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കുക വഴി എല്ലാ വകുപ്പുകൾക്കും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും.