നിലവാരമില്ലാത്ത ടൈൽ: ഹരിശ്രീ അശോകന് 17.8 ലക്ഷം നഷ്ടപരിഹാരം
Saturday, August 3, 2024 12:42 AM IST
കൊച്ചി: നടന് ഹരിശ്രീ അശോകന്റെ ‘പഞ്ചാബി ഹൗസ്’ എന്ന വീടിന്റെ നിര്‍മാണത്തിനു ഗുണനിലവാരമില്ലാത്ത ടൈൽ ഉപയോഗിച്ചെന്ന പരാതിയിൽ എതിർകക്ഷികൾ 17.8 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവ്. എറണാകുളത്തെ രണ്ടു സ്ഥാപനങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്ത ഫ്ളോര്‍ ടൈല്‍സ് അശോകന് വാങ്ങിയത്.
എന്നാല്‍, വീടുനിർമാണം പൂര്‍ത്തിയായി അധികനാള്‍ കഴിയുംമുമ്പേ തറയോടുകളുടെ നിറം മങ്ങുകയും പൊട്ടിപ്പൊളിയുകയും ചെയ്തു. ഇതേത്തുടര്‍ന്നു പലവട്ടം എതിര്‍കക്ഷികളെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് അശോകന് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉത്പന്നം വാങ്ങിയതിനു രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരനു കഴിഞ്ഞില്ല, ഉത്പന്നത്തിന്റെ ന്യൂനത സംബന്ധിച്ചു യാതൊരുവിധ തെളിവുകളുമില്ല, വാറന്റിയുമായി ബന്ധപ്പെട്ട രേഖകളില്ല തുടങ്ങിയ വാദങ്ങളാണ് എതിര്‍കക്ഷികള്‍ കോടതിയില്‍ സ്വീകരിച്ചത്. ടൈല്‍സ് വിരിച്ചതു തങ്ങളല്ലെന്നും അവര്‍ വാദിച്ചു.
എന്നാൽ ഇന്‍വോയ്സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോര്‍ട്ടും നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണനിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിര്‍കക്ഷികളുടെ പ്രവൃത്തി അധാര്‍മിക വ്യാപാരരീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേര്‍ചിത്രമാണെന്നു ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ മെംബര്‍മാരുമായ ബെഞ്ച് അഭിപ്രായപ്പെട്ടു.
പരാതിക്കാരനുണ്ടായ നഷ്ടങ്ങള്‍ക്ക് എതിര്‍കക്ഷി 16,58,641 രൂപ നല്‍കണം. കൂടാതെ നഷ്ടപരിഹാരമായി ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. ടി.ജെ. ലക്ഷ്മണ അയ്യര്‍ ഹാജരായി.