നീറ്റ് പിജി പരീക്ഷ: മലയാളികൾക്കു സെന്റർ ആന്ധ്രയിൽ
Saturday, August 3, 2024 12:42 AM IST
കോട്ടയം: മെഡിക്കൽ നീറ്റ് പിജി പരീക്ഷയ്ക്കു നിരവധി മലയാളി വിദ്യാർഥികൾക്കു പരീക്ഷാ സെന്റർ കിട്ടിയത് ആന്ധ്രപ്രദേശിൽ.
അവസാന നിമിഷം സെന്റർ പ്രഖ്യാപിച്ചതുകൊണ്ട് വിമാന, റെയിൽ ടിക്കറ്റുകൾക്കായി നെട്ടോട്ടമോടുകയാണ് ആയിരക്കണക്കിനു യുവഡോക്ടർമാർ. കേരളത്തിലെ സെന്ററുകളുടെ എണ്ണം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
കേരളത്തിലെ മൂന്നും ആന്ധ്രയിലെ ഒരു സെന്ററും തെരഞ്ഞെടുക്കാനാണ് ടെസ്റ്റിംഗ് ഏജൻസി അവസരം നൽകിയത്. തുടർന്നാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ആന്ധ്രയിലെ സെന്റർ നൽകിയിരിക്കുന്നത്.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാ സെന്റർ ലഭിച്ച വിദ്യാർഥികൾ ആരംഭിച്ച വാട്സാപ് ഗ്രൂപ്പുകളിൽ ഓരോന്നിലും ആയിരത്തിലേറെ അംഗങ്ങളുണ്ട്. നഗരമേത് എന്നു മാത്രമേ ഇപ്പോൾ അറിവായിട്ടുള്ളൂ. സെന്ററിന്റെ പേര് എട്ടാം തീയതിയേ പ്രഖ്യാപിക്കൂ.
ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നു മാറ്റിവച്ച പരീക്ഷ 11നാണു നടക്കുന്നത്. പരീക്ഷ മാറ്റിയപ്പോൾ വീണ്ടും പരീക്ഷാ സെന്റർ തെരഞ്ഞെടുക്കണമെന്ന നിർദേശമുണ്ടായി. അതിനിടെ ലോകമെമ്പാടും വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതിനെത്തുടർന്ന് ആദ്യ ദിവസം പലർക്കും സെന്റർ തെരഞ്ഞെടുക്കാനായില്ല. കേരളത്തിൽനിന്നു മൂന്നു സെന്ററുകളും നാലാമതായി ആന്ധ്രപ്രദേശിലെ സെന്ററുകളിലൊന്നും തെരഞ്ഞെടുക്കാനായിരുന്നു നിർദേശം.
പിജി അഡ്മിഷനുവേണ്ടി മാസങ്ങളോളം ഉറക്കമിളച്ചു പഠിച്ച എംബിബിഎസ് ഡോക്ടർമാർ പഠനത്തിന്റെ അവസാന ഘട്ടത്തിൽ ഓർമ പുതുക്കി തയാറെടുക്കുന്നതിനു പകരം ആന്ധ്രപ്രദേശിൽ എത്തുന്നതിനുള്ള വിമാന, റെയിൽ ടിക്കറ്റുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ്.
ആന്ധ്രപ്രദേശിലെ വിവധ സ്ഥലങ്ങളിലേക്കു വിമാന ടിക്കറ്റുകൾക്കായി അന്വേഷണം വർധിച്ചതോടെ വിമാന കമ്പനികൾ നാലും അഞ്ചും ഇരട്ടിയായി ടിക്കറ്റ് നിരക്ക് ഉയർത്തി. ട്രെയിൻ ടിക്കറ്റുകൾ കിട്ടാനുമില്ല.
നിരവധി അപേക്ഷകരുള്ള കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ ഇല്ലാതായതിന്റെ കാരണം എന്താണെന്നു വ്യക്തമല്ല. കേരളത്തിൽ കൂടുതൽ സെന്ററുകൾ അടിയന്തരമായി അനുവദിക്കണമെന്നു വിദ്യാർഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കു നിവേദനം നൽകിയിട്ടുണ്ട്.