കെ.എസ്. ദിവാകരന് വധം: ആറാം പ്രതിയുടെ വധശിക്ഷയില്‍ ഇളവ്
Saturday, August 3, 2024 12:42 AM IST
കൊച്ചി: കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല സ്വദേശി കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകനായ ആറാം പ്രതിയുടെ വധശിക്ഷയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു.
വധശിക്ഷ 15 വര്‍ഷം കഠിന തടവാക്കിയാണു ഇളവ് ചെയ്തത്. അഞ്ചാം പ്രതിയെ വെറുതെ വിട്ട കോടതി ഒന്നുമുതല്‍ നാലു വരെ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു.
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ചേര്‍ത്തല കക്കപ്പറമ്പത്തുവെളി ആര്. ബൈജുവിന്റെ വധശിക്ഷയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇളവ് ചെയ്തത്. അഞ്ചാം പ്രതി സേതുകുമാറിനെയാണ് വെറുതെവിട്ടത്.
ബൈജുവിനെ കൂടാതെ ഒന്നു മുതല്‍ നാലു വരെ പ്രതികളായ ചേര്‍ത്തല ചേപ്പിലപ്പൊഴി വി. സുജിത് (മഞ്ജു), കോനാട്ട് എസ്.സതീഷ് കുമാര്‍ (കണ്ണന്), ചേപ്പിലപ്പൊഴി പി. പ്രവീണ്‍, വാവള്ളി എം. ബെന്നി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള കുറ്റം മാത്രമേ ബാധകമാകുകയുള്ളൂവെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി. ഇതുപ്രകാരം പ്രതികള്‍ പത്തു വര്‍ഷം കഠിനതടവ് അനുഭവിക്കണം. പിഴയും അടയ്ക്കണം.
വീടുകയറി മാരകായുധം ഉപയോഗിച്ച് ആക്രമണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ബൈജുവടക്കം പ്രതികള്‍ക്ക് പത്തു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
ആറാം പ്രതിയുടെ വധശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും മറ്റു പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹർജികളുമാണ് കോടതി പരിഗണിച്ചത്.