ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു
Tuesday, December 5, 2023 3:15 AM IST
കൊച്ചി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (74) അന്തരിച്ചു. കരൾരോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11.30ന് കരുനാഗപ്പള്ളി ക്ലാപ്പന സെന്റ് ജോർജ് പള്ളിയിൽ.
1973ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന ഡോ. ക്രിസ്റ്റിക്ക്, ഗുജറാത്തിലെ ജുനഗഡിലായിരുന്നു ആദ്യനിയമനം. റസിഡന്റ് കമ്മീഷണർ (ഗുജറാത്ത്), സംസ്ഥാന ടൂറിസം സെക്രട്ടറി, കയർ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തു. പെട്രോളിയം, റവന്യു, ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 2012ൽ വിരമിച്ചു.
തുടർന്ന്, കെഎസ്ഐഡിസിയുടെയും എസ്ഐഡിബിഐയുടെയും ചെയർമാനായിരുന്നു. ക്രിസ്ത്യൻ സമുദായത്തിന്റെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി സംസ്ഥാന സർക്കാർ രൂപീകരിച്ച ജെ.ബി. കോശി കമ്മീഷനിൽ അംഗമായിരുന്നു. 2014ൽ എറണാകുളത്തുനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചു.
ക്ലാപ്പന കുന്നുതറ സ്വദേശി വിക്ടോറിയ ഫെർണാണ്ടസും ഇത്തന്തറയിൽ ലിയോൺ ഫെർണാണ്ടസുമാണു മാതാപിതാക്കൾ. ഭാര്യ: ചാച്ചിമ്മ. മക്കൾ: ലിയോണ, ജോസഫ്. മരുമക്കൾ: നിഷാദ്, ലീലിയ.
മൃതദേഹം ഇന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ കലൂർ പുതിയറോഡിലെയും നാളെ രാവിലെ ഏഴു മുതൽ ക്ലാപ്പനയിലെയും വീടുകളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾക്ക് ബിഷപ്പുമാരായ ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. സ്റ്റാൻലി റോമൻ എന്നിവർ കാർമികത്വം വഹിക്കും.