ഇഡി ലക്ഷ്യമിടുന്നത് സഹകരണ മേഖലയെയും സിപിഎമ്മിനെയും ഇല്ലാതാക്കാൻ: എം.വി. ഗോവിന്ദൻ
Tuesday, September 26, 2023 6:57 AM IST
കണ്ണൂർ: എവിടെയോ നടന്ന കേസുമായി ബന്ധപ്പെട്ട് സഹകരണ മേഖലയെയും സിപിഎമ്മിനെയും ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം കൽത്തുറങ്കിലടയ്ക്കാനും സിപിഎമ്മിനെതിരേ രാജ്യവ്യാപക പ്രചാരണം നടത്താനുമുള്ള ബോധവപൂർവമായ നീക്കമാണ് നടത്തുന്നത്. ഇത് ശക്തമായി പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിൽ എവിടെയെങ്കിലുമുണ്ടായ ഒറ്റപ്പെട്ട തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നിലപാട് സ്വീകരിക്കുന്നതിനുപകരം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാധാരണഗതിയിൽ ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള മുഴുവൻ പ്രക്രിയയിലും ഇടപെടുന്നതാണ് സഹകരണമേഖല. ആ സഹകരണമേഖലയിലെ കടന്നാക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
നോട്ടുനിരോധനത്തിൽ സംഭവിച്ചതുപോലെ സഹകരണമേഖലയിൽ നിക്ഷേപിച്ചവർക്ക് ഒരുതരത്തിലും പണം നഷ്ടപ്പെടില്ല. അതിന്റെ ഉറപ്പ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്താകെയുള്ള പ്രതിപക്ഷത്തിനെതിരേ ഇഡി നടത്തുന്ന കടന്നാക്രമണമായിട്ടേ ഇപ്പോഴുള്ള കാര്യങ്ങളെ കാണാനാകൂവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.