കരുവന്നൂരിൽനിന്ന് ഒഴുകിയ കള്ളപ്പണം സിനിമാ മേഖലയിലേക്കുമെത്തിയെന്ന്
Tuesday, September 26, 2023 6:15 AM IST
തൃശൂർ: കോടികളുടെ കള്ളപ്പണം കരുവന്നൂരിൽനിന്നും മറ്റിടങ്ങളിൽനിന്നും പലയിടത്തേക്ക് ഒഴുകിയപ്പോൾ നല്ലൊരു ശതമാനം സിനിമാ നിർമാണ മേഖലയിലേക്കും എത്തിയെന്നു സൂചനകൾ. നേരത്തെതന്നെ ഇതു സംബന്ധിച്ച സംശയങ്ങൾ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഇഡി ശക്തമാക്കിയിട്ടുണ്ട്.
ചെറുതും വലുതുമായ പല സിനിമകൾക്കും ബിനാമി ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും ഇതിലേക്ക് കരുവന്നൂരിലെ കള്ളപ്പണം എത്തിയിട്ടുണ്ടോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. വൻകിട നിർമാതാക്കൾക്ക് പണംനൽകുന്ന ബിനാമികളുമായി കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകാർക്ക് ബന്ധങ്ങളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. മലയാളത്തിനു പുറമെ മറ്റുഭാഷാ ചിത്രങ്ങൾക്കു വേണ്ടിയും കരുവന്നൂരിലെ പണം ഒഴുകിയിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കും.