എം.വി. ഗോവിന്ദനെതിരേ പരാതിക്കാരന് എം.കെ. സുരേഷ്
Tuesday, September 26, 2023 6:15 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് ഒപ്പമാണോ അതോ പണം ചാക്കില്‍ക്കെട്ടി കടത്തിയവര്ക്കൊപ്പമാണോ സിപിഎം നില്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പരാതിക്കാരനായ എം.കെ. സുരേഷ്. എം.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരേയാണ് സുരേഷ് രംഗത്തുവന്നിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എല്ലാ പ്രചാരണങ്ങളെയും ചെറുക്കുമെന്നാണ് കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന് പ്രഖ്യാപിച്ചത്.
പാവപ്പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പണമാണ് നേതാക്കന്മാർക്കുവേണ്ടി ഒരു സുഹൃത്തിന്റെ കാറില്‍ അരവിന്ദാക്ഷന് ചാക്കില്‍ക്കെട്ടി കൊണ്ടുപോയത്. ആ നേതാക്കന്മാര്ക്കു വേണ്ടി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി വാദിക്കുന്നത് പാര്‍ട്ടി അധഃപതിച്ചതിന്റെ തെളിവാണെന്ന് സുരേഷ് പറഞ്ഞു.
ഇഡി അന്വേഷണത്തിന്റെ ഭാഗമായി ഇനി അറസ്റ്റ് ചെയ്യുന്നവരെ കേരളത്തിന് പുറത്ത് ജയിലില്‍ പാര്‍പ്പിക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. പരാതിക്കാരന് എന്ന നിലയില്‍ എം.കെ. സുരേഷിന്റെ മൊഴി മൂന്നുതവണ കൊടുത്തു. നാലാം തവണയും വിളിപ്പിക്കും എന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. സുരേഷ് നല്കിയ ഹര്‍ജി അടുത്ത ദിവസം പരിഗണിക്കും.