പയ്യന്നൂര്‍ സിപിഎമ്മിലെ അച്ചടക്ക നടപടികള്‍ മരവിപ്പിച്ചു
Tuesday, September 26, 2023 4:55 AM IST
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കളുടെ പേരിൽ ഉയർന്ന സാന്പത്തിക ക്രമക്കേട് ആരോപണങ്ങൾക്കു വിരാമമിട്ട് ജില്ലാ കമ്മിറ്റി. ആരോപണത്തെത്തുടർന്ന് തരംതാഴ്ത്തല്‍ നടപടിക്കു വിധേയനായ ടി.ഐ. മധുസൂദനൻ എംഎൽഎയെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റംഗമാക്കി. പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയായി പി. സന്തോഷിനെ നിയോഗിച്ചു.
മധുസൂദനനെ സെക്രട്ടേറിയറ്റംഗമാക്കിയപ്പോൾ നേരത്തെ പാർട്ടിക്കുള്ളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും മാറ്റി നിർത്തുകയും ചെയ്ത മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാക്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണ് തീരുമാനം.
ചിട്ടി നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ട്, രക്തസാക്ഷിഫണ്ട് എന്നിവയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം പയ്യന്നൂരിലെ സിപിഎമ്മിൽ വലിയ വിള്ളൽ വീഴ്ത്തിയിരുന്നു. നടപടിക്രമമനുസരിച്ച് ഇതേപ്പറ്റി അന്വേഷിച്ച പാര്‍ട്ടി ഏരിയ കമ്മിറ്റി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പേര്‍ക്കെതിരേ നടപടിയും എടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ടി.ഐ. മധുസൂദനനെ തരംതാഴ്ത്തിയിരുന്നത്.
വി. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയപ്പോൾ പകരം സംസ്ഥാന കമ്മിറ്റിയംഗമായ ടി.വി. രാജേഷിനായിരുന്നു ചുമതല നൽകിയിരുന്നത്.
ജില്ലാ കമ്മിറ്റിക്ക് ശേഷം പയ്യന്നൂർ ഏരിയാ കമ്മിറ്റിയോഗവും തുടർന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും യോഗം നടന്നു. ഈ യോഗത്തിന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തു. മധുസൂദനനൊപ്പം നടപടിക്ക് വിധേയരായ ടി. വിശ്വനാഥനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തതായും ഓഫീസ് സെക്രട്ടറിയായിരുന്ന ഇ. കരുണാകരനെ സ്വന്തം ഘടകത്തിലേക്ക് മാറ്റിയെന്നുമാണ് വിവരം. കൂടാതെസംഘടനാ സംവിധാനവുമായി ബന്ധപ്പെട്ടുള്ള ചില നിര്‍ണായക നടപടികള്‍ അടുത്ത ഏരിയ കമ്മിറ്റി യോഗത്തിലുണ്ടാവുമെന്ന സൂചനയുമുണ്ട്.