വിദ്യാർഥികളുടെ പരാതിപരിഹാരം: സാങ്കേതിക സർവകലാശാലയിൽ അദാലത്ത്
Tuesday, September 26, 2023 4:55 AM IST
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയിൽ ഇനിമുതൽ എല്ലാ മാസവും വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് ഈ തീരുമാനം.
മാസത്തിലെ ആദ്യ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാർഥീ പരാതി പരിഹാരത്തിനായി അദാലത്ത് നടത്താനാണ് തീരുമാനം. കൂടാതെ സർവകലാശാല കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ തുടങ്ങുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി പ്രത്യേക കന്പനി രൂപീകരിക്കും. സർവകലാശാലാ പ്രതിനിധികളും അക്കാദമിക വ്യവസായ പ്രതിനിധികളും കന്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളാകും. സർവകലാശാലാ ഓംബുഡ്സ്മാനായി കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിനെ നിയമിക്കും.
മികച്ച നിലവാരമുള്ള 10 എൻജിനിയറിംഗ് കോളജുകളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനുള്ള മെന്റിംഗ് പദ്ധതി സർവകലാശാല ആവിഷ്കരിച്ച് നടപ്പാക്കും. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാനും തീരുമാനമായി.
അഫിലിയേറ്റഡ് കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ 18ന് നടക്കും. എട്ടു ഗവേഷകർക്കു കൂടി പിഎച്ച്ഡി നൽകാനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി.