പൂരം എക്സിബിഷൻ കുരുക്കിൽത്തന്നെ
1493724
Thursday, January 9, 2025 1:21 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തറവാടകപ്രശ്നവും തർക്കവും ഇനിയും തീരാത്തതുകൊണ്ട് തൃശൂർ പൂരം എക്സിബിഷന്റെ സുഗമമായ നടത്തിപ്പ് ഇപ്പോഴും നിയമക്കുരുക്കിൽ. പൂരം പ്രദർശന കമ്മിറ്റികളും കൊച്ചിൻ ദേവസ്വം ബോർഡുമായുള്ള എക്സിബിഷൻ ഗ്രൗണ്ട് തറവാടകപ്രശ്നം ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ കേസ് വീണ്ടും നീളും.
കഴിഞ്ഞതവണ പൂരം എക് സിബിഷന്റെ സുഗമമായ നടത്തിപ്പിന് ഒടുവിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ടാണ് തറവാടകപ്രശ്നം സംബന്ധിച്ച് ഒത്തൂതീർപ്പുണ്ടാക്കിയത്. ഇത്തവണയും കാര്യങ്ങൾ സുഗമമായി നടക്കാൻ ഉന്നതതല ഇടപെടൽ വേണ്ടിവരുമെന്നാണ് സൂചന.
അതേസമയം, പൂരം എക്സിബിഷൻ സ്റ്റാളുകളുടെ ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പൂരം എക്സിബിഷൻ ബജറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പൂരം എക്സിബിഷൻ കമ്മിറ്റിയുടെ യോഗം ശനിയാഴ്ച വൈകീട്ട് ആറിനു പാറമേക്കാവ് അഗ്രശാലയിൽ ചേരുന്നുണ്ട്.
കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന കുടിശികയും ഡിമാൻഡ് ചെയ്യുന്ന തറവാടകയും നൽകി പൂരം എക്സിബിഷൻ നടത്തുക എളുപ്പമല്ലെന്ന നിലപാടുതന്നെയാണ് പൂരം എക് സിബിഷൻ കമ്മിറ്റിക്കുള്ളത്.