ജൈവമാലിന്യസംസ്കരണ ഉപാധി സർവേക്കു തുടക്കം
1493135
Tuesday, January 7, 2025 1:33 AM IST
തൃശൂർ: മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജൈവമാലിന്യസംസ്കരണ ഉപാധി സർവേക്കു തുടക്കം. ജൈവമാലിന്യസംസ്കരണം വീടുകളിൽ ഉറപ്പാക്കാൻ ആറുമുതൽ 12 വരെ വീടുകൾ കേന്ദ്രീകരിച്ചു നടത്തുന്ന സർവേയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സ്വന്തം വീട്ടിൽ നിർവഹിച്ചു.
ഉറവിടസംസ്കരണ ഉപാധികളുടെ ലഭ്യത, ഇനോക്കുലം ലഭ്യമാക്കൽ, കന്പോസ്റ്റ് വളം ശേഖരിക്കൽ തുടങ്ങിയവ നടപ്പാക്കാൻ കഴിയുന്നവിധത്തിൽ കുടുംബശ്രീ സംരംഭവികസനം ആസൂത്രണംചെയ്യലും പരിഗണനയിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന ജൈവമാലിന്യസംസ്കരണ സംവിധാനത്തിന്റെ സ്ഥിതിവിവരം തിട്ടപ്പെടുത്താൻ സംസ്കരണ ഉപാധികൾ സംബന്ധിച്ച ഹരിതമിത്രം ആപ്ലിക്കേഷൻവഴി വിവരശേഖരണം നടത്തും.
തദ്ദേശവകുപ്പ് എഡി അൻസണ് ജോസഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലിൽ, ശുചിത്വ മിഷൻ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എൻ.സി. സംഗീത്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കെ. രാധാകൃഷ്ണൻ, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, സെക്രട്ടറി സുഭാഷ്, വാർഡ് അംഗം സനിൽ മഞ്ഞിലി എന്നിവർ പങ്കെടുത്തു.