കാരുണ്യത്തിന്റെ പൂനിലാവായി കമ്പിടി തിരുനാൾ
1493140
Tuesday, January 7, 2025 1:33 AM IST
പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കമ്പിടി തിരുനാൾ കാരുണ്യത്തിന്റെ പൂനിലാവായി. ആഘോഷങ്ങൾക്കും ആത്മീയചടങ്ങുകൾക്കുമൊപ്പം 15 ലക്ഷം രൂപയുടെ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങൾക്കുമുള്ള വേദിയായി തിരുനാൾ മാറി.
ജാതിമതഭേദമെന്യേ ചിറ്റാട്ടുകരയിലെ അർഹതയുള്ള നൂറിലേറെപ്പേർക്ക് ഓരോമാസവും ആയിരംരൂപ വീതം സഹായം എത്തിച്ചുനൽകുന്ന പ്രതിമാസ പെൻഷൻ പദ്ധതി, പാവപ്പെട്ട കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹത്തിന് അഞ്ചുലക്ഷം രൂപ നൽകുന്ന മംഗല്യനിധി പദ്ധതി, ചിറ്റാട്ടുകരയിലെ എല്ലാ ഡയാലിസിസ് രോഗികൾക്കും സൗജന്യ ഡയാലിസിസ് സഹായംനൽകുന്ന ചികിൽസാപദ്ധതി, കമ്പിടി തിരുനാൾദിവസമായ ചൊവ്വാഴ്ച തൃശൂർ ജൂബിലിമിഷൻ മെഡിക്കൽ കോളജിൽ നടത്തുന്ന എല്ലാ ഡയാലിസിസും സൗജന്യമായി നൽകുന്നതിനുള്ള തുക കൈമാറൽ തുടങ്ങിയ പദ്ധതികളാണ് ഇത്തവണ കമ്പിടി തിരുനാളിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്നത്.
മുൻ എംപി ടി.എൻ. പ്രതാപൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇടവകവികാരി ഫാ. വിൽസൺ പിടിയത്ത് യോഗത്തിൽ അധ്യക്ഷതവഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, മുൻ എംഎൽഎ അനിൽ അക്കര, സി.സി. ശ്രീകുമാർ, തിരുനാൾ ജനറൽ കൺവീനർ പി.ഡി. ജോസ്, കാരുണ്യ കമ്മിറ്റി കൺവീനർ ജസ്റ്റിൻ ഫ്രാൻസിസ്, മാനേജിംഗ് ട്രസ്റ്റി ജോൺസൺ നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.