നടപ്പുര - ഗോപുര സമർപ്പണം നാളെ
1493143
Tuesday, January 7, 2025 1:33 AM IST
വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതിക്ഷേത്രത്തിൽ ഒരുകോടി രൂപ ചെലവിൽ നിർമിച്ച നടപ്പുരയുടെയും ഗോപുരത്തിന്റെയും സമർപ്പണം നാളെ രാവിലെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ അഞ്ചിന് ക്ഷേത്രംതന്ത്രി പാലക്കാട്ടിരി നാരായണൻനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽപൂജകളും ഗണപതിഹോമവും ഉദയാസ്തമനപൂജയും നടക്കും. രാവിലെ ഏഴിന് നടപ്പുര- ഗോപുര സമർപ്പണച്ചടങ്ങുകൾക്ക് തുടക്കംകുറിക്കും. തുടർന്ന് കൊമ്പുപറ്റ് നടക്കും. ക്ഷേത്രം മേൽശാന്തി സുരേഷ് എമ്പ്രാന്തിരി, ക്ഷേത്രം ഊരാളൻ ആവണപ്പറമ്പ് മോഹനൻനമ്പൂതിരി, ക്ഷേത്രം കോമരം ശാന്തീന്ദ്രൻ, ക്ഷേത്രം പാരമ്പര്യ അവകാശി എ.പി. കൃഷ്ണകുമാർ ഇളയത് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ആറിന് നടക്കുന്ന സമർപ്പണസദസ് ദേവസ്വംമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും.
ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എ.സി. കണ്ണൻ അധ്യക്ഷതവഹിക്കും. മൂന്നാംഘട്ട പുനരുദ്ധാരണ പ്രവർത്തന ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. ദീപാലങ്കാരം സ്വിച്ച്ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിക്കും. കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. സുദർശൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ എന്നിവർ പങ്കെടുക്കും. ചോറ്റാനിക്കര സുഭാഷിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും നടക്കും.