ഡിസിസി പ്രസിഡന്റ്: തീരുമാനം ഉടൻ
1493592
Wednesday, January 8, 2025 7:47 AM IST
തൃശൂർ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഈയാഴ്ച അവസാനമോ അടുത്തയാഴ്ച പകുതിയിലോ തീരുമാനമാകുമെന്നു സൂചന. ജില്ലയിലെ മുതിർന്ന നേതാക്കളിൽനിന്നടക്കം കെപിസിസി റിപ്പോർട്ട് തേടിയിരുന്നു.
റിപ്പോർട്ട് ഈയാഴ്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ ചർച്ചയ്ക്കെടുക്കും. മറ്റു ഡിസിസി അധ്യക്ഷൻമാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് തൃശൂരിലും തടസമാകുന്നത്.
നേരത്തേ, യുഡിഎഫ് കണ്‍വീനറെയും ഡിസിസി പ്രസിഡന്റിനെയും എഐസിസി നേതൃത്വം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ തൃശൂരിൽനിന്നുള്ള നാൽവർസംഘം ഇടപെട്ടു നടപടി വൈകിപ്പിച്ചെന്നാണ് ആരോപണം. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കണ്ട് തീരുമാനം നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരോടു ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു.
തൃശൂർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റതിനുപിന്നാലെയാണു തൃശൂർ ഡിസിസിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. തോൽവിക്കുപിന്നാലെ സ്ഥാനം നഷ്ടപ്പെട്ടവരും ആരോപണവിധേയരായവരും തങ്ങൾക്കു സ്വീകാര്യനായ വ്യക്തിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ കെ.സി. വേണുഗോപാലോ കെപിസിസി പ്രസിഡന്റോ തയാറായിട്ടില്ല.
പലരുമായും ചർച്ച ചെയ്താണു പുതിയ ഡിസിസി പ്രസിഡന്റിനെയും കണ്‍വീനറെയും പ്രഖ്യാപിക്കുന്ന ഘട്ടമെത്തിയത്. ഇതാണ് എതിർപ്പിനെതുടർന്നു വൈകുന്നത്. ചേലക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ, സ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്നു തൃശൂരിന്റെ ചുമതലയുള്ള വി.കെ. ശ്രീകണ്ഠൻ എംപി വ്യക്തമാക്കിയിരുന്നു.
ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടിലാണു ശ്രീകണ്ഠനും. നാൽവർസംഘത്തിനെതിരേ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ തോറ്റ രമ്യ ഹരിദാസും പരാതി നൽകിയെന്നാണു വിവരം.
സ്വന്തം ലേഖകൻ