പൈനൂരിൽ കൊയ്ത്തുത്സവം ; നൂറുമേനി വിളവുകൊയ്ത് കർഷകർ
1493714
Thursday, January 9, 2025 1:20 AM IST
കയ്പമംഗലം: ഞാറ്റുപാട്ടിന്റെ ഈരടിയിൽ എടത്തിരുത്തി പൈനൂരിൽ കൊയ്ത്തുത്സവം. എടത്തിരുത്തി പൈനൂരിൽ പുത്തൻപുര രവീന്ദ്രന്റെ അഞ്ചേക്കർ പാടത്താണ് കർഷകരായ കടവത്ത് കുമാരനും സുരപ്പനുംചേർന്ന് നെൽക്കൃഷിയിറക്കിയത്. കർഷകസംഘം സംഘടിപ്പിച്ച ജില്ലാ ശില്പശാലയിൽ പങ്കെടുത്ത ഇരുവരും പുതിയ കാർഷികരീതികളും പുതിയ വിത്തിനങ്ങളെയും കുറിച്ചുള്ള അറിവ് സ്വായത്തമാക്കിയാണ് ഇത്തവണ കൃഷിയിലേക്കിറങ്ങിയത്.
കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഉയർന്ന വിളവുനല്കുന്ന മനുരത്ന വിത്തിനമാണ് കൃഷിക്കുപയോഗിച്ചത്. എടത്തിരുത്തി കൃഷിഭവന്റെ സഹകരണവും ഇവർക്കുലഭിച്ചു. ഇന്നലെ രാവിലെ കർഷകസംഘം നാട്ടിക ഏരിയാസെക്രട്ടറി അഡ്വ.വി.കെ. ജ്യോതിപ്രകാശ് കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്തു.
എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വാർഡ് മെമ്പർ പി.എച്ച്. ബാബു, കൃഷി ഓഫീസർ കെ.എ. മേഘ, കൃഷി അസിസ്റ്റന്റ് വിപിൻകുമാർ, കർഷകസംഘം നേതാക്കളായ ബാബു പണിക്കെട്ടി, കെ.വി. പ്രസാദ്, സിപിഎം നേതാക്കളായ കെ.വി. ശ്രീധരൻ, ശ്രീരാജു തുടങ്ങിയവർ പ്രസംഗിച്ചു.