കാൽനൂറ്റാണ്ടിനുശേഷം കലാകിരീടം തൃശൂരിലെത്തുന്നതു ചരിത്രത്തിന്റെ ആവർത്തനമായി!
1493720
Thursday, January 9, 2025 1:20 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കാൽനൂറ്റാണ്ടിനുശേഷം കലാകിരീടം തൃശൂരിലെത്തുന്നതു ചരിത്രത്തിന്റെ ആവർത്തനമായി! ഇക്കുറി പാലക്കാടിനെ ഒരു പോയിന്റിനാണ് പിന്തള്ളിയതെങ്കിൽ 1999ൽ കൊല്ലത്തു നടന്ന കലോത്സവത്തിൽ ഹാട്രിക് മോഹവുമായി എത്തിയ കണ്ണൂരിനെയും ഒരു പോയിന്റിനാണു കീഴടക്കിയത്. അന്നും കോഴിക്കോടിനു മൂന്നാംസ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
അന്നു തൃശൂർ 290 പോയിന്റ് നേടിയപ്പോൾ കണ്ണൂർ 289 പോയിന്റ് നേടി. 284 പോയിന്റുമായി കോഴിക്കോടും 274 പോയിന്റുമായി എറണാകുളവും മൂന്നും നാലും സ്ഥാനത്തെത്തി. ഇക്കുറി രണ്ടാമതെത്തിയ പാലക്കാട് 99ൽ 272 പോയിന്റുമായി അഞ്ചാംസ്ഥാനത്തായിരുന്നു. 208 പോയിന്റുമായി പത്തനംതിട്ട ഏറ്റവും പിന്നിലായി. മേളയ്ക്കൊപ്പം നടന്ന സംസ്കൃതോത്സവത്തിലും തൃശൂരിനായിരുന്നു ഒന്നാംസ്ഥാനം. തൊടുപുഴ ഡീപോൾ സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി.
99ൽ കണ്ണൂരിന്റെ ഹാട്രിക് മോഹം തകർത്തതു നിർഭാഗ്യമാണ്. ഓട്ടൻതുള്ളലിൽ പങ്കെടുക്കേണ്ട വിദ്യാർഥി യുവജനോത്സവത്തിന് എത്തിയിരുന്നില്ല.
പരിഷ്കരിച്ച യുവജനോത്സവ മാനുവൽപ്രകാരമാണു 99ൽ മത്സരങ്ങൾ നടന്നത്. നൃത്ത-നൃത്തേതര ഇനങ്ങളിൽ തിളങ്ങിയ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഐശ്വര്യ ലക്ഷ്മി കലാതിലകമായി. കലാപ്രതിഭാപട്ടത്തിന് അവകാശിയുണ്ടായില്ലെങ്കിലും കണ്ണൂർ മൂത്തേടത്ത് ഹൈസ്കൂളിലെ പി. ഷിജിത്ത് ഏറ്റവും കൂടുതൽ പോയിന്റ് നേടി.
1996ൽ കോട്ടയത്തു നടന്ന കലോത്സവത്തിലും തൃശൂർ കപ്പുയർത്തിയിരുന്നു. ഇക്കുറി തൃശൂരിന് 1008 പോയിന്റും പാലക്കാടിന് 1007 പോയിന്റുമാണ് ലഭിച്ചു. സ്കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബിഎസ്ജി ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതെത്തി.
ടീമിനു ജില്ലയിൽ സ്വീകരണം ഇന്ന്,
സ്കൂളുകളിൽ വിജയദിനാചരണം
തൃശൂര്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല ജേതാക്കളായതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഇന്നു ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിജയദിനമായി ആചരിക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി.
സ്വർണക്കപ്പുമായി വരുന്ന തൃശൂർ ടീമിനു രാവിലെ ഒന്പതിനു കൊരട്ടിയിൽ സ്വീകരണം നല്കും. 9.45നു ചാലക്കുടി, 10.30നു പുതുക്കാട്, 11ന് ഒല്ലൂർ എന്നിവിടങ്ങളിലും സ്വീകരണത്തിനുശേഷം 11.30നു മോഡൽ ഗേൾസ് സ്കൂളിൽ കേന്ദ്രീകരിച്ചു ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ആനയിക്കും. തുടർന്നു ടൗൺ ഹാളിൽ സ്വീകരണസമ്മേളനം.
സ്വീകരണകേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരികപ്രവർത്തകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും.