ജില്ലയിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു ; ആകെ 26,74,625 വോട്ടർമാർ
1493134
Tuesday, January 7, 2025 1:33 AM IST
തൃശൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025 ന്റെ ഭാഗമായി ജനുവരി ഒന്ന് യോഗ്യതാതീയതിയായ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ 13 നിയമസഭാമണ്ഡലങ്ങളിലെ 2338 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 26,74,625 വോട്ടർമാരാണ് ഉളളത്. ഇതിൽ 12,77,491 പുരുഷ വോട്ടർമാരും 13,97,098 സ്ത്രീ വോട്ടർമാരും 36 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
2024 വർഷത്തെ അന്തിമപട്ടികയിലെ വോട്ടർമാരുടെ എണ്ണത്തെക്കാൾ 83,904 വോട്ടർമാരുടെ വർധന ഈ വർഷം ഉണ്ടായിട്ടുണ്ട്. സമ്മതിദായകരുടെ സ്ത്രീ/ പുരുഷ അനുപാതം 1094. പുതുതലമുറ വോട്ടർമാർ 33,985 (18 - 19 വയസ്) 26,881 ഭിന്നശേഷിവോട്ടർമാരും 4055 പ്രവാസി വോട്ടർമാരും 660 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കരടുവോട്ടർപട്ടികയിലുളള അവകാശങ്ങളും ആക്ഷേപങ്ങളും എല്ലാം തീർപ്പാക്കിക്കൊണ്ടാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലെയും അന്തിമവോട്ടർപട്ടിക തയാറാക്കിയിട്ടുളളത്.
പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ അർജുൻ പാണ്ഡ്യൻ ഒല്ലൂർ നിയോജകമണ്ഡലത്തിലെ 84-ാം നന്പർ ബൂത്ത് ലെവൽ ഓഫീസർ സി.ജെ. ബിനോയിക്കു പട്ടിക കൈമാറിക്കൊണ്ട് നിർവഹിച്ചു. വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും വില്ലേജ് ഓഫീസർമാരുടെയും കാര്യാലയത്തിൽ പ്രസിദ്ധീകരിക്കും.
പട്ടികയുടെ പ്രിന്റ് ചെയ്ത ഒരു കോപ്പിയും ഒരു ഡിജിറ്റൽ കോപ്പിയും അംഗീകൃത രാഷ്ട്രീയപാർട്ടികൾക്കു സൗജന്യമായി ലഭ്യമാക്കും. ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടികയുടെ ഡിജിറ്റൽ രൂപം ലഭ്യമാകും.