പുഴയ്ക്കൽ ഹബ് അട്ടിമറിക്കുന്നതു തൃശൂരിനെ മെട്രോ നഗരം ആക്കാതിരിക്കാൻ: യുഡിഎഫ്
1493589
Wednesday, January 8, 2025 7:47 AM IST
തൃശൂർ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വൈറ്റില ഹബ്ബിന്റെ മാതൃകയിൽ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പുഴയ്ക്കൽ മൊബിലിറ്റി ഹബ് പദ്ധതി അട്ടിമറിച്ചതിനുപിന്നിലെ വാണിജ്യ, വ്യവസായ, റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നു കോർപറേഷൻ യുഡിഎഫ് കൗണ്‍സിലർമാരായ ജോണ്‍ ഡാനിയൽ, മേഫീ ഡെൽസണ്‍ എന്നിവർ ആവശ്യപ്പെട്ടു.
ദീർഘദൂര ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ കടത്തിവിടാൻ ഉദ്ദേശിച്ച് ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്തു വിഭാവനംചെയ്യപ്പെട്ട പദ്ധതിയാണിത്. ദീർഘദൂര യാത്രക്കാർക്കു നഗരത്തിലെ കുരുക്കുകളിൽ കുടുങ്ങാതെ യാത്രചെയ്യാനും സഹായകമായിരുന്നു നിർദിഷ്ട ഹബ്. ഇതിനായി യുഡിഎഫ് ഭരണകാലത്തു സ്ഥലം ഏറ്റെടുത്തു കൈമാറുകയും പ്രാഥമികനടപടികൾക്കു ബജറ്റ് വിഹിതം നീക്കിവയ്ക്കുകയും ചെയ്ത പദ്ധതി സ്തംഭിച്ചത് എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെയാണ്.
സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന നഗരഹൃദയത്തിൽനിന്നു പുറത്തേക്കു വികസിക്കാനും വ്യാപിക്കാനും മെട്രോ നഗരമായി വളരാനുമുള്ള സാധ്യതകൂടിയാണ് ഇതോടെ കൊട്ടിയടയ്ക്കപ്പെട്ടത്. നഗരത്തിന്റെ വളർച്ച ഇഷ്ടപ്പെടാത്ത, എറണാകുളം കേന്ദ്രീകരിച്ചുള്ള ചില ബിസിനസ്, റിയൽ എസ്റ്റേറ്റ് ലോബികൾക്ക് ഇക്കാര്യത്തിൽ പങ്കുണ്ടോയെന്ന സംശയമുണ്ടെന്നും ആരുടെ താത്പര്യം സംരക്ഷിക്കാൻവേണ്ടിയാണ് സർക്കാരും കോർപറേഷനും പദ്ധതിയോടു മുഖംതിരിച്ചു നിൽക്കുന്നതെന്നു വ്യക്തമാക്കണമെന്നും കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.