വിമലച്ചേച്ചി ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങും
1493718
Thursday, January 9, 2025 1:20 AM IST
കൊടുങ്ങല്ലൂര്‍: പാമ്പിനെ പേടിച്ച് പൊളിഞ്ഞുവീഴാറായ ഷെഡിൽ താമസിച്ചിരുന്ന വിമലച്ചേച്ചി ഇനി സ്നേഹവീടിന്റെ തണലിലേക്ക്. സാമൂഹികപ്രവർത്തകൻ ഷഹീൻ കെ.മൊയ്തീന്റെ നേതൃത്വത്തിൽ ജനകീയപങ്കാളിത്തത്തോടെ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സീരിയൽ താരം സീമ ജി.നായർ നിർവഹിച്ചു.
പുല്ലൂറ്റ് വി.ടി. നന്ദകുമാർ റോഡിൽ പഴംപള്ളത്ത് വിമല തനിച്ചായിരുന്നു താമസം. ഇഴജന്തുക്കളെ ഭയന്നാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വിവാഹം കഴിക്കാത്ത ഇവരുടെ, സഹോദരൻ മരണപ്പെട്ടു. ഷഹീൻ കെ. മൊയ്തീനാണ് ഇവരുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.
വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രന്റെ നേതൃത്വത്തിൽനടന്ന വീടിന്റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചു.
താക്കോൽദാന ചടങ്ങിന് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഷഹീൻ കെ. മൊയ്തീൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ നന്ദൻ, ആൽഫ പാലിയേറ്റീവ് വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ പ്രസിഡന്റ് എ.ബി. സക്കീർ ഹുസൈൻ, ആക്ടിംഗ് പ്രസിഡന്റ് ഷഫീർ കരുമാത്ര, എം.കെ. സഗീർ, വി. കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.