വൈദികനെയും വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തം
1493136
Tuesday, January 7, 2025 1:33 AM IST
മാള: തിരുമുക്കുളത്ത് വൈദികനെയും വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. കുഴൂര്‍ തിരുമുക്കുളത്ത് ഫാ. ആന്റണി പറമ്പത്തിനെയും വ്യാപാരി ആന്റോ പാറേക്കാട്ടിനെയും കുടുംബത്തെയുമാണ് നാലംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കുഴൂർ പഞ്ചായത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ഇന്നലെ ഉച്ചവരെ കടകളടച്ച് പ്രതിഷേധിച്ചു.
കുഴൂരിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഏകോപനസമിതി ആവശ്യപ്പെട്ടു.
പാറപ്പുറം പോളക്കുളത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ഒട്ടേറെ വ്യാപാരികള്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.ഐ. നജാഹ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിന് തെറ്റയില്‍, ട്രഷറര്‍ ബിനീഷ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംഭവത്തിൽ ഇരിങ്ങാലക്കുട രൂപത കെസിവൈഎം പ്രതിഷേധിച്ചു. തിരുമുക്കുളം പള്ളിയിൽ യോഗം ചേർന്ന് ഇടവകാംഗങ്ങൾ പ്രതിഷേധിക്കുകയും കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.