എല്ലാവര്ക്കും ഭൂമിയും വീടും സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം: മന്ത്രി കെ. രാജന്
1493584
Wednesday, January 8, 2025 7:39 AM IST
കുന്നംകുളം: എല്ലാവര്ക്കും വീടും എല്ലാവര്ക്കും ഭൂമിയും ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്. സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി കുന്നംകുളം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അദാലത്തില്‍ നേരിട്ട് പരാതി നല്‍കാം. അതിദാരിദ്ര്യം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് ഉടനടി നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ നയം. സര്‍ക്കാര്‍നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ സ്വാദ് ജനങ്ങള്‍ക്ക് ലഭ്യമാകാതെ പോകുന്നുവെങ്കില്‍ അതുപരിഹരിക്കാനാണ് ഇത്തരം അദാലത്തുകളെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. കുന്നംകുളം ബഥനി സ്കൂള്‍ ഹാളില്‍ നടന്ന അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ 12 പേര്‍ക്ക് പട്ടയവും 20 പേര്‍ക്ക് മുന്‍ഗണനാറേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. എ.സി.മൊയ്തീന് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ്, കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. രാജേന്ദ്രന്, മീന സാജന്, ടി.ആര് ഷോബി, രേഖ സുനില്‍, ഇ.എസ് രേഷ്മ, അഡ്വ. കെ. രാമകൃഷ്ണന്, സബ് കളക്ടര്‍ അഖില്‍ വി. മേനോന്, ഡെപ്യൂട്ടി കളക്ടര്‍ ആര്. മനോജ് എന്നിവര്‍ സംബന്ധിച്ചു.