ഓടയിലേക്ക് മാലിന്യം ഒഴുക്കിയതായി ആരോഗ്യവിഭാഗം കണ്ടെത്തി
1493717
Thursday, January 9, 2025 1:20 AM IST
ഇരിങ്ങാലക്കുട: പൊറത്തിശേരി പ്രദേശത്തെ ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ടൗണ്‍ പ്രദേശത്തെയും കാട്ടൂര്‍ റോഡിലെയും സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടി.
മലിനജലം തുറന്നുവിട്ടതായി കണ്ടെത്തിയ എക്സൈസ് ഓഫീസിന് അടുത്ത് പ്രവര്‍ത്തിക്കുന്ന കേഫ് ഡിലൈറ്റിന് അധികൃതര്‍ പതിനായിരം രൂപ പിഴചുമത്തി. കേഫ് ഡിലൈറ്റിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന മാ കഫേ, കാട്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അവറാന് സര്‍വീസ് സ്റ്റേഷന്, സ്റ്റാര്‍ ബെന്‍സ് ഓട്ടോമൊബൈല്‍സ്, കെട്ടിട ഉടമകളായ ജയന്, ഗോപിനാഥന് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി പത്തോളം സ്ഥാപനങ്ങളിലായിട്ടാണ് പരിശോധനനടത്തിയത്. ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിക്കുന്ന കല്ലരിത്തോടാണ് പൊറത്തിശേരി പൊറത്തൂച്ചിറയില് എത്തിച്ചേരുന്നത്. കാലങ്ങളായി ഈ തോടുവഴി മാലിന്യമെത്താറുണ്ടെങ്കിലും ഈവര്‍ഷം അതിരൂക്ഷമായ അവസ്ഥയിലാണ്.
ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 35, 36 പ്രദേശത്ത് ചിറ അടച്ചിട്ട സ്ഥലത്ത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഓയിലിന്റെ അംശം ഉള്ളത് ഇരിങ്ങാലക്കുട ഭാഗത്തുള്ളവര്‍ക്ക് ഷോപ്പുകളില്‍നിന്നുള്ള മാലിന്യം ഈ തോട്ടിലേയ്ക്ക് ഒഴുക്കുന്നത് മൂലമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഇതുകൂടാതെ ഹോട്ടല്‍ മാലിന്യവും കക്കൂസ് മാലിന്യവുംവരെ ഈ തോട്ടിലേക്കാണ് പലരും ഒഴുക്കിവിടുന്നത്. പ്രദേശത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധംമൂലം ഭക്ഷണം കഴിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ്.
കഴിഞ്ഞദിവസം ബയ് സ്റ്റാന്റ്ഡ് പരിസരത്തെ തോടുകളിലെ സ്ലാബ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഹോട്ടലിലെ മാലിന്യ പൈപ്പ് തോട്ടിലേക്ക് തുറന്നുവിട്ടതായി കണ്ടെത്തിയത്. പൊറത്തുച്ചിറയില് കക്കൂസ് മാലിന്യങ്ങളടക്കം തള്ളിയതായി ആരോപണമുയരുകയും നഗരസഭ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളില്‍നിന്നു വിമര്‍ശനമുയരുകയും ചെയ്തതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് കടന്നത്. വരും ദിവസങ്ങളിലും സ്ഥാപനങ്ങളുടെ മുന്നിലുള്ള സ്ലാബുകള്‍ ഉയര്‍ത്തി പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹെല്‍ത്ത് സൂപര്‍വൈസര്‍ എസ്. ബേബി, ഉദ്യോസ്ഥരായ അനൂപ്, പ്രസീജ, അജു എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വംനല്കി.