പഞ്ചായത്തിനോടുള്ള രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം
1493575
Wednesday, January 8, 2025 7:39 AM IST
കാളമുറി: സർക്കാർസംവിധാനങ്ങളെ ദുരുപയോഗംചെയ്ത് കയ്പമംഗലം പഞ്ചായത്ത് ഭരണസമിതിയോടുള്ള രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.
തീരദേശത്തെ യുഡിഎഫ് ഭരിക്കുന്ന ഏക പഞ്ചായത്തായ കയ്പമംഗലം ഗ്രാമപഞ്ചായത്തിനോടുള്ള ഇടതുസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലും വാട്ടർ അഥോറിറ്റിപോലുള്ള സർക്കാർ സംവിധാനങ്ങളെ ദുരുപയോഗംചെയ്യുന്ന നയങ്ങളും ജനങ്ങൾ തിരിച്ചറിയണമെന്ന് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലുവർഷത്തെ പഞ്ചായത്ത് ഭരണസമിതിയിൽ എട്ടു പഞ്ചായത്ത് സെക്രട്ടറിമാരെ മാറ്റി നിയമിക്കുകയും വർഷങ്ങളോളം എൻജിനീയറിംഗ് സെക്ഷനിൽ എഇ അടക്കമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാതിരിക്കുകയുംചെയ്ത് പഞ്ചായത്ത് ഭരണത്തെ സർക്കാർ തകർക്കാൻ ശ്രമിക്കുകയാണുണ്ടായത്.
ജലജീവൻ പദ്ധതിയുടെ പേരിൽ റോഡുകൾ താറുമാറാക്കുകയും പഴയസ്ഥിതിയിലാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിപ്പിക്കുകയും ചെയ്തു.
എന്നാൽ അനുവദിച്ച ഫണ്ട് വിനിയോഗിക്കാൻ കഴിയാത്തരീതിയിൽ സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞു ടാറിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് വാട്ടർ അഥോറിറ്റി പഞ്ചായത്തിന് റോഡ് കൈമാറാതെ തടസങ്ങൾ സൃഷ്ടിക്കുകയാണുണ്ടായത്.
എന്നാൽ ഇത്തരം പ്രതിസന്ധികളെ തരണംചെയ്തു നൂറിൽപരം റോഡുകൾ ടെൻഡർ ചെയ്തു. ഇരുപതോളം റോഡുകളുടെ ടാറിംഗ് അടക്കം പണിപൂർത്തീകരിക്കുകയും മറ്റു റോഡുകളുടെ നടപടികൾ പുരോഗമിക്കുകയുംചെയ്യുന്ന സാഹചര്യത്തിലാണ് സമരാഭാസവുമായി ഇപ്പോൾ സിപിഎം ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്നും പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർലമെന്ററി പാർട്ടിക്കുവേണ്ടി സി.ജെ. പോൾസൺ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, അനസ് അബൂബക്കർ, സി.ജെ. ജോഷി എന്നിവർ പ്രസംഗിച്ചു.