ശബരിമല, പന്പ വികസനത്തിന് 1033.75 കോടി: മന്ത്രി വാസവൻ
1493722
Thursday, January 9, 2025 1:20 AM IST
തൃശൂര്‍: ശബരിമല വികസനത്തിനായി 778.75 കോടിയുടെയും പമ്പയുടെ വികസനപ്രവർത്തനങ്ങൾക്കായി 255 കോടിയുടെയും മാസ്റ്റർ പ്ലാൻ തയാറായിട്ടുണ്ടെന്നു മന്ത്രി വി.എൻ. വാസവൻ. വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ ചുറ്റുമതിർ പുനർനിർമാണോദ്ഘാടനവും നവീകരിച്ച ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കാര്യാലയത്തിന്റെയും വടക്കുന്നാഥൻ ദേവസ്വം ഓഫീസിന്റെയും സമർപ്പണവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ വർഷത്തെ ശബരിമല തീർഥാടനം യാതൊരു പരാതിയുംകൂടാതെ നടത്താനായി. ദേവസ്വം ബോർഡുകൾക്ക് ഇതുവരെ 587 കോടി രൂപ നൽകി. ദേവസ്വം ബോർഡുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിയമനടപടികൾ സർക്കാർ എടുത്തുവരികയാണ്. ഇപ്പോൾ ചെലവഴിക്കാവുന്ന തുക 20 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കാനുള്ള അനുമതിനൽകാനും ഇക്കാര്യം കോടതിയെ അറിയിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.