കൊച്ചിൻ ദേവസ്വം ബോർഡ് ഉത്സവാഘോഷ കമ്മിറ്റികൾ രൂപീകരിക്കുന്നു
1493593
Wednesday, January 8, 2025 7:47 AM IST
തൃശൂർ: കാലാവധികഴിഞ്ഞ ക്ഷേത്രോപദേശകസമിതികൾക്കു പകരം ഉത്സവനടത്തിപ്പിനു കൊച്ചിൻ ദേവസ്വം ബോർഡ് ഉത്സവാഘോഷ കമ്മിറ്റികൾ രൂപീകരിക്കുന്നു.
കഴിഞ്ഞ നവംബർ ഒന്നിനുമുൻപ് കാലാവധികഴിഞ്ഞ ക്ഷേത്രങ്ങളിൽ ഹൈക്കോടതിവിധിക്കു വിധേയമായിട്ടാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഏപ്രിൽ 30 വരെയാണ് ഇവയുടെ കാലാവധിയെന്നും ദേവസ്വം ബോർഡിന്റെ ഉത്തരവിൽ പറയുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവർ ഭാരവാഹികളും ദേവസ്വം ഓഫീസർ ട്രഷററും അടങ്ങുന്ന പരമാവധി 17 അംഗ കമ്മിറ്റിയായിരിക്കും രൂപീകരിക്കുക. ഇതിനുപുറമേ ഒരു ക്ഷേത്ര ജീവനക്കാരൻകൂടി ഉണ്ടാകും.
ദേവസ്വം ഉദ്യോഗസ്ഥർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളിൽനിന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തും. അതേസമയം കമ്മിറ്റികളെ അംഗീകരിക്കുന്നതിനുള്ള അധികാരം ദേവസ്വം ബോർഡിനാണ്. ഇന്റേണൽ ഓഡിറ്ററെയും നിയമിക്കണം. തൃപ്പുണിത്തുറ, വടക്കുന്നാഥൻ, തൊട്ടിപ്പാൾ, മച്ചാട് തിരുവാണിക്കാവ് ഉൾപ്പെടെ നിരവധി പ്രമുഖ ക്ഷേത്രങ്ങളിലെ ഉപദേശകസമിതികളുടെ കാലാവധി നേരത്തേ അവസാനിച്ചിരുന്നു.
അതേസമയം, ഉത്സവാഘോഷസമിതിയുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന സാന്പത്തികബാധ്യതകൾക്കു ദേവസ്വം ബോർഡ് ഉത്തരവാദികളല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.