തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ട് കെഎസ്ആര്‍ടിസി ഒഴിയുന്നു
1493723
Thursday, January 9, 2025 1:21 AM IST
സ്വന്തം ലേഖകൻ
തൃശൂര്‍: മിനിമം ബാലൻസില്ലെന്ന കാരണത്താൽ തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ട് സ്വകാര്യമേഖലയ്ക്കു തീറെഴുതിക്കൊടുത്ത് കെഎസ്ആര്‍ടിസി. പറവൂരിൽനിന്ന് പുലർച്ചെ 5.20നു പുറപ്പെടുന്ന കൊടുങ്ങല്ലൂര്‍- തൃശൂർ-പാലക്കാട് ബസ് സർവീസ് നിർത്താനാണു തീരുമാനം. ഈ ബസ് രാവിലെ ഒന്‍പതോടെ തൃശൂരിലും പത്തിനു പാലക്കാടുമെത്തുന്നതിനാല് ജോലിക്കാരുടെയും വിദ്യാർഥികളുടെയും നല്ല തിരക്കായിരുന്നു. തുടർന്നു രണ്ട് പാലക്കാട്- തൃശൂർ സർവീസിനുശേഷം വൈകീട്ട് ആറിനു തൃശൂരിൽനിന്നു പറവൂരിലേക്കു തിരിക്കുന്ന ഈ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ജോലിക്കാരായ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ഈ ബസാണ് കളക്ഷന്‍ കുറവാണെന്നു പറഞ്ഞു വഴിമാറ്റി ഓടിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടിലെ റോഡ് നിര്‍മാണവും ശക്തന് ബസ് സ്റ്റാൻഡ് നവീകരണവുമെല്ലാം താത്കാലികമായി കളക്ഷനെ ബാധിച്ചെങ്കിലും അതിന്റെ പേരില്‍ റൂട്ടു മാറ്റുന്നതു സ്വകാര്യബസുകള്ക്കാണു ഗുണം ചെയ്യുക.
രാവിലെ നിലവിലുള്ളതുപോലെ സര്‍വീസ് തുടര്‍ന്ന് വൈകീട്ട് നിരവധി കെഎസ്ആര്‍ടിസി ബസുകളുള്ള തൃശൂര്‍- എറണാകുളം റൂട്ടിലേക്കു സര്‍വീസ് മാറ്റാനാണു തീരുമാനം. ഒരു കിലോമീറ്ററിന് 28 രൂപ ലാഭമില്ലെങ്കിൽ 15 ദിവസങ്ങൾക്കുശേഷം രാവിലത്തെ സർവീസും നിർത്തും. ഇതോടെ തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ട് സ്വകാര്യമേഖലയുടെ കൈപ്പിടിയിലാകും.
ഒരുകാലത്തു പത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ നിലവില്‍ പുലര്‍ച്ചെയും രാത്രിയുമായി ഒന്നോ രണ്ടോ ദീര്ഘദൂരബസുകളൊഴികെ കൊടുങ്ങല്ലൂരില്‍നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കുള്ള ഒരു ഓര്‍ഡിനറി ബസ് മാത്രമായിരിക്കും ഇനി ഉണ്ടാകുക. സ്വകാര്യ ബസ് ലോബിയുടെ സ്വാധീനഫലമായാണ് പുതിയ നടപടിയെന്നു യാത്രക്കാര്‍ ആരോപിച്ചു. ബസ് സര്‍വീസ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി അധികൃതരെയും ജനപ്രതിനിധികളെയും സമീപിക്കാനൊരുങ്ങുകയാണവർ.