മെഡിക്കൽ കോളജിൽ പൊട്ടിവീണ മരം നീക്കംചെയ്യാതെ അധികാരികൾ
1493139
Tuesday, January 7, 2025 1:33 AM IST
മുളങ്കുന്നത്തുകാവ്: ശക്തമായ കാറ്റിൽ കടപൊട്ടിവീണ മരം മാസമൊന്നു പിന്നിട്ടിട്ടും നീക്കംചെയ്യാത്തതു ഭീഷണി ഉയർത്തുന്നു.
മെഡിക്കൽ കോളജ് എംപ്ലായീസ് സഹകരണസംഘം കെട്ടിടത്തിന്റെ മുകളിലേക്കു വീണ കൂറ്റൻ തേക്കുമരം ആസ്ബസ്റ്റോസ് ഷീറ്റ് തകർത്തിട്ടും നീക്കംചെയ്യാത്തതാണ് ജീവനക്കാരെയും വിദ്യാർഥികളെയും നാട്ടുകാരെയും ഒരേപോലെ ഭീഷണിയിലാക്കിയിരിക്കുന്നത്. ഏതുസമയത്തു വേണമെങ്കിലും മരം ഇനിയും ചെരിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
സംഘത്തിലും താഴെയുമുള്ള സ്ഥാപനങ്ങളിലായി നിരവധിപേരാണ് ജോലി ചെയ്യുന്നത്. ഇതിനുപുറമെ കണ്‍സ്യൂമർ, ഫോട്ടോസ്റ്റാറ്റ് കടകളിലേക്കും മറ്റുമായി എത്തുന്നവർ, സമീപത്തെ മോർച്ചറിയിൽ എത്തുന്ന നാട്ടുകാർ ഉൾപ്പെടെ നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലത്താണ് അപകടഭീതി ഉയർത്തിക്കൊണ്ട് മരം മറിഞ്ഞുകിടക്കുന്നത്.
ശക്തമായ ഒരു കാറ്റുവന്നാൽ പാതിമറിഞ്ഞുകിടക്കുന്ന മരം പൂർണമായി മറിയാനും സാധ്യതയുണ്ട്. വിഷയത്തിൽ പൊതുമരാമത്തുവകുപ്പിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.