ഉമ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ സംഘാടകർക്കും സ്റ്റേജ് നിര്‍മിച്ചവര്‍ക്കും എതിരേ കേസ്
Tuesday, December 31, 2024 1:10 AM IST
കൊച്ചി: ഉമ തോമസ് എംഎല്‍എ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍നിന്ന് 15 അടി താഴ്ചയിലേക്കു വീണ സംഭവത്തില്‍ ഇവന്റ് മാനേജ്മെന്റ് കന്പനി മാനേജരുള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഘാടകരായ ഓസ്കര് ഇവന്റ് മാനേജ്മെന്റ് മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് ഒരുക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി, ഷമീര്‍ അബ്ദുള്‍ റഹീം എന്നിവരെയാണു പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു മൊഴിയെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉമ തോമസിന്റെ പേഴ്സണല്‍ സ്റ്റാഫ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
കൃഷ്ണകുമാറിനെ കലൂര്‍ സ്റ്റേഡിയത്തിലെത്തിച്ച് ഇന്നലെ തെളിവെടുത്തു. മനുഷ്യജീവൻ അപായപ്പെടുത്തുംവിധം പരിപാടി സംഘടിപ്പിക്കല്‍, ഇതിനായി മറ്റുള്ളവരുമായി സംഘംചേരല്‍, ക്രമസമാധാന ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. സംഭവത്തില്‍ കൊച്ചി സിറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘാടകരായ മൃദംഗ വിഷനെതിരേയും സ്റ്റേജ് നിര്‍മിച്ചവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഉമ തോമസിന്റെ വീഴ്ചയ്ക്കു കാരണമായ സ്റ്റേജ് നിര്‍മിച്ചതില്‍ അടിമുടി അപാകതയുണ്ടെന്നാണു കണ്ടെത്തല്‍.
സംഘാടകര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതു മുതല്‍ പോലീസിന്റെ വീഴ്ച വരെ അന്വേഷണപരിധിയിലുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ നേരിട്ടാണ് അന്വഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.
മുൻകൂർ ജാമ്യം തേടി സംഘാടകർ കോടതിയിൽ
കൊച്ചി: ഉമ തോമസ് എംഎൽഎ ഗാലറിയിലെ വേദിയിൽനിന്നു വീണ് പരിക്കേൽക്കാനിടയായ സംഭവത്തിൽ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ മെഗാ നൃത്തപരിപാടിയുടെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
മൃദംഗ വിഷൻ മാനേജിംഗ് ഡയറക്ടർ വയനാട് മേപ്പാടി മലയിൽ എം. നിഗോഷ് കുമാർ (40), ഓസ്കാർ ഇവന്റ് മാനേജ്മെന്റ് പ്രൊപ്രൈറ്റർ തൃശൂർ പൂത്തോൾ പേങ്ങാട്ടയിൽ പി.എസ്. ജനീഷ് (45) എന്നിവരാണു ഹർജി നൽകിയത്. ഹർജി ഇന്നു പരിഗണിക്കും.
തങ്ങൾ നിരപരാധികളാണെന്നും പരിപാടിയുടെ സംഘാടനത്തിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. പരിപാടി നടത്താൻ ബന്ധപ്പെട്ട അനുമതികളെല്ലാം നേടിയിരുന്നു.
അഗ്നിരക്ഷാവിഭാഗത്തിന്റെയും ഡോക്ടർമാരുടെയും വോളന്റിയർമാരുടെയും സേവനമുണ്ടായിരുന്നു. ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ അശ്രദ്ധ കാട്ടിയതിനും ക്രമസമാധാന ലംഘനം നടത്തിയതിനും സംഘാടകർക്കതിരേ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് ഷാലു വിൻസെന്റാണ് പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
താത്കാലിക സ്റ്റേജിൽ മതിയായ നടവഴിയും സുരക്ഷിതമായ കൈവരിയും ഉണ്ടായിരുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.