എസ്. ജയചന്ദ്രൻ നായര്‍ കാലത്തിന്റെ പത്രാധിപർ
Friday, January 3, 2025 2:31 AM IST
പ്രദീപ് പനങ്ങാട്
സാഹിത്യ പത്രപ്രവർത്തനത്തിന്റെ ഒരു സവിശേഷ പാരന്പര്യമാണ് എസ്. ജയചന്ദ്രൻ നായരുടെ വിടവാങ്ങലോടെ അസ്തമിച്ചത്. കെ. ബാലകൃഷ്ണന്റെ തട്ടകത്തിൽ നിന്നാണ് എസ്.ജെ. പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്.
കാലത്തെ സൂക്ഷ്മതയോടെ നിരീക്ഷിക്കാനും ഭാവുകത്വത്തിന്റെ നവീനതകൾ സൃഷ്ടിക്കാനും ശ്രമിച്ച ബാലകൃഷ്ണന്റെ ധൈഷണിക പാരന്പര്യം എസ്.ജെക്കും കിട്ടി. 1975ൽ ആരംഭിച്ച കലാകൗമുദിയിലൂടെയും പിന്നീട് സമകാലിക മലയാളത്തിലൂടെയും അത് പ്രകാശിപ്പിച്ചു.
എൻ.വി. കൃഷ്ണവാര്യർ, എം.ടി. വാസുദേവൻ നായർ എന്നിവർ സാഹിത്യ പത്രപ്രവർത്തനത്തിൽ സൃഷ്ടിച്ച ഭാവുകത്വ പരിണാമങ്ങളുടെ മറ്റൊരു തുടർച്ചയായിരുന്നു ജയചന്ദ്രൻ നായരുടേത്. ആധുനികതയുടെ മധ്യാഹ്ന കാലത്താണ് കലാകൗമുദി തുടങ്ങുന്നത്. അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിനേക്കാൾ ആധുനികത ആഘോഷിച്ചത് കലാകൗമുദിയിലൂടെയായിരുന്നു.
ഒ.വി. വിജയൻ, എം. മുകുന്ദൻ, എം.സുകുമാരൻ, കടമ്മനിട്ട, അയ്യപ്പപണിക്കർ,അരവിന്ദൻ തുടങ്ങി എത്രയോ പേർ കലാകൗമുദിയിൽ നിറഞ്ഞുനിന്നു. എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപരുടെ, കാലസ്പർശിയായ സാന്നിധ്യം അതിൽ അനുഭവപ്പെട്ടു. എഴുത്തുകാരുമായി ഔപചാരികതയ്ക്കപ്പുറത്തുള്ള ബന്ധം എന്നും സൂക്ഷിച്ചു.
ഈയിടെ അന്തരിച്ച എം.ടിയുടെ എഴുത്തു ജീവിതത്തിലും ജയചന്ദ്രൻ നായർക്ക് സവിശേഷ സ്ഥാനമുണ്ട്. എം.ടിയുടെ രണ്ടാമൂഴം എന്ന നോവൽ ആഘോഷമായാണ് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത്. അത് കലാ കൗമുദിക്കും എം.ടിക്കും ഗുണം ചെയ്തു. പിന്നീട് എം.ടിയുടെ വാനപ്രസ്ഥം, വാരണാസി എന്നീ നോവലുകളും പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരായിരുന്നു.
നന്പൂതിരി എന്ന ചിത്രകാരനെ മലയാളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാക്കാനും എം. കൃഷ്ണൻ നായർ എന്ന പ്രസിദ്ധ പംക്തിക്കാരനെ ഉറപ്പിച്ചു നിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിലെ ഫീച്ചർ ജേര്‍ണലിസത്തിന് വേണ്ടത്ര പ്രാധാന്യം നൽകി. കേരളത്തിന്റെ സാംസ്കാരിക പാരന്പര്യം, ദേശചരിത്രങ്ങൾ, കലാകാരന്മാരുടെ ജീവിത ഭൂമിക, വാസ്തു ശില്പത്തിന്റെ വൈവിധ്യം തുടങ്ങിയവയെല്ലാം കലാകൗമുദിയിലൂടെ മലയാളി വായിച്ചറിഞ്ഞു.
സിനിമയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ സൂക്ഷിച്ചിരുന്നു. പ്രസിദ്ധമായ ഫിലിം മാഗസിന്റെ പേജുകളിൽ പുതിയ സിനിമയുടെ വിളംബരങ്ങൾ അവതരിപ്പിച്ചിരുന്നു.അതിന്റെ തുടർച്ചയായാണ് ഷാജി എൻ. കരുണിന്റെ പിറവി, സ്വം എന്നീ ചിത്രങ്ങൾ രൂപപ്പെട്ടത്.
എസ്. ജയചന്ദ്രന് നായർ എന്ന പത്രാധിപർ എഴുത്തിന്റെ മൂല്യബോധത്തിന് പ്രാധാന്യം നൽകിയിരുന്നു. ഓരോ എഴുത്തുകാരന്റേയും ഉള്ളിലെ സർഗാത്മകതയുടെ കനലുകൾ ജ്വലിപ്പിക്കാൻ പത്രാധിപർ എന്ന നിലയിൽ ശ്രമിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ സൂക്ഷ്മത പാലിച്ചു. ഒരു സാഹിത്യ പത്രാധിപർ എന്തായിരിക്കണം എന്നതിന്റെ മാതൃകയായിരുന്നു എസ്. ജയചന്ദ്രൻ നായർ.
അനുശോചിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ
സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ്. ജയചന്ദ്രൻ നായർ. സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻ നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
സത്യത്തിന്റെ പക്ഷത്ത് എക്കാലവും ശക്തമായി നിലയുറപ്പിച്ച മനുഷ്യത്വമുള്ള പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന് നായര്‍. പത്രാധിപര്‍ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന് നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു.
വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്ന വിയോഗം. എം.ടി. വാസുദേവന്‍ നായര്‍ക്കു പിന്നാലെ മലയാളത്തിന്റെ മറ്റൊരു നഷ്ടമാണ് എസ്. ജയചന്ദ്രന് നായരുടെ വിയോഗം. മഹാനായ പത്രാധിപരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം. ആദരാഞ്ജലികള്‍.