നിയമസഭാ സമ്മേളനം 17ന് ആരംഭിക്കും
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 17നു പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നതിനുള്ള ശിപാർശ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
17നു തുടങ്ങുന്ന 15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ ആദ്യഘട്ടം 23നു സമാപിക്കും. 20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും.
24 മുതൽ ഫെബ്രുവരി ആറുവരെ നിയമസഭയ്ക്ക് അവധിയാണ്. ഗവർണർ ആർലേക്കർ കേരളത്തിൽ എത്തും മുൻപു തന്നെ നയപ്രഖ്യാപനത്തിനു ഗവർണറുടെ തീയതിയിൽ ധാരണയിലെത്താൻ സർക്കാരിനായി.
ആർഎസ്എസുകാരനായ പുതിയ ഗവർണറുമായി തർക്കങ്ങളിലാതെ ഒത്തുപോകാൻ കഴിയുമോ എന്ന മാധ്യമ പ്രവർത്തകരുടെ പത്രസമ്മേളനത്തിലെ ചോദ്യത്തിന് ‘ഹഹഹ’എന്നു ചിരിച്ചു കൊണ്ടു പുതിയ ഗവർണറെ സ്വീകരിക്കാനല്ലേ താൻ പോകുന്നതെന്ന ചോദ്യമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.
സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. മാർച്ച് 31നകം സന്പൂർണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം. തുടർന്ന് 10 മുതൽ 12 വരെ ബജറ്റ് ചർച്ച നടക്കും.
ഫെബ്രുവരി 14ന് സബ്ജക്ട് കമ്മിറ്റിയുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. സബ്ജക്ട് കമ്മിറ്റിയോഗങ്ങൾക്കു ശേഷം മാർച്ച് ആദ്യം വീണ്ടും നിയമസഭാ സമ്മേളനം ചേരും. ധനാഭ്യർഥന ചർച്ച തുടങ്ങും. ധനബില്ലും ധനവിനിയോഗ ബില്ലും പാസാക്കി മാർച്ച് അവസനത്തോടെ നിയമസഭാ സമ്മേളനം സമാപിക്കും.