ഡോ. ജോൺ സി. ഉമ്മന് മോൺ. മാത്യു മുരിങ്ങാത്തേരി സ്മാരക അവാർഡ്
Friday, January 3, 2025 2:31 AM IST
തൃശൂർ: ജൂബിലി മിഷൻ ഹോസ്പിറ്റൽ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയുടെ സ്മരണാർഥമുള്ള ഹെൽത്ത് കെയർ മിഷനറി അവാർഡ് ഒഡീഷയിലെ ബിസാംകട്ടക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. ജോൺ സി. ഉമ്മനു സമർപ്പിക്കുമെന്നു ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 50,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് നാളെ രണ്ടിനു മദർ തെരേസ ഹാളിൽ നടക്കുന്ന പെലിക്കാനസ് 2024 അനുസ്മരണച്ചടങ്ങിൽ സമ്മാനിക്കും.
35 വർഷത്തോളമായി ഒഡീഷയിലെ ആദിവാസിജനതയ്ക്ക് ഡോ. ജോൺ സി. ഉമ്മൻ നല്കുന്ന സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. മോൺ. മാത്യു മുരിങ്ങാത്തേരിയുടെയും മുറിച്ചുണ്ട് ശസ്ത്രക്രിയാവിദഗ്ധൻ ഡോ. എഡൻവാലയുടെയും സ്മരണാർഥമാണു പരിപാടി സംഘടിപ്പിക്കുന്നത്.
മിഷൻ ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാൻകൂടിയായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴ്ത്ത് ഉദ്ഘാടനം ചെയ്യും. ഡോ. എഡൻവാലയുടെ സ്മരണാർഥമുള്ള പ്രഭാഷണപരമ്പരയിൽ ഗാന്ധിയൻ വിഷൻ ഓഫ് കംപാഷൻ ആൻഡ് എംപതി ഇൻ ഹീലിംഗ് വിഷയത്തിൽ തുഷാർ ഗാന്ധി പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, ഡോ. പി.ആർ. വർഗീസ്, ഡിയോൾ ബെന്റി എന്നിവരും പങ്കെടുത്തു.