വേദന അനുഭവിക്കുന്നവര്‍ക്കു പ്രത്യാശ നല്‍കണം: കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട്
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: വേദന അനുഭവിക്കുന്നവര്‍ക്കു പ്രത്യാശ പകര്‍ന്നു നല്കുന്നതിനു നമുക്കു സാധിക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭ നല്കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാര്പാപ്പയുടേതു പോലെ ഇടയന്റെ കണ്ണുകളാണു നമുക്കു വേണ്ടത്. മാര്‍പാപ്പ എത്തുന്നിടത്ത് ആളുകള്‍ തിങ്ങിക്കൂടും. എന്നാല്‍ അതില്‍ ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്‍പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും.
കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖ ബാധിതയായിരുന്നപ്പോള്‍ മാര്‍പാപ്പ നല്കിയ കരുതലും സ്നേഹവും കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് അനുസ്മരിച്ചു. തന്റെ സമര്‍പ്പിത ജീവിതത്തില്‍ മലങ്കര കത്തോലിക്കാ സഭയും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നല്കുന്ന പ്രാര്‍ഥനാ സഹായങ്ങള്‍ക്കു കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് നന്ദി അറിയിച്ചു.
പരിചയപ്പെട്ട നാള് മുതല്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടുമായി നല്ല ബന്ധം പുലര്ത്താനായതായി മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. വളരെ ആലോചിച്ച ശേഷം പ്രവര്‍ത്തിക്കേണ്ട ജോലിയാണ് അദ്ദേഹത്തില്‍ അര്‍പ്പിതമായിരിക്കുന്നത്.
ലാളിത്യത്തോടെയും കരുതലോടെയുമാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് തന്നെ സമീപിക്കുന്നവരെ കാണുന്നത്. അദ്ദേഹത്തിന് മലങ്കര കത്തോലിക്കാ സഭയുടെ അഭിനന്ദനവും പ്രാര്‍ഥനയും അറിയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനം ചടങ്ങില്‍ നടന്നു.
ബിഷപ്പുമാരായ ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ തോമസ്, തോമസ് മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഏബ്രഹാം മാര്‍ ജൂലിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, തോമസ് മാര്‍ യൗസേബിയൂസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.