കേരളത്തിന്റെ 23-ാമത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: കേരളത്തിന്റെ 23 -ാമതു ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിലും തുടർന്നുള്ള ചായസത്കാരത്തിലും പങ്കെടുത്തു.
ഗവർണറെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പി. രാജീവ്, മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, എംപിമാരായ ശശി തരൂർ, എ.എ. റഹിം, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ളവർ പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വൈകുന്നേരം ഗവർണർ കുടുംബ സമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.