കർഷകൻ കടന്നൽക്കുത്തേറ്റു മരിച്ചു
Friday, January 3, 2025 2:31 AM IST
വേലൂർ(തൃശൂർ): കടന്നലുകളുടെ ആക്രമണത്തിനിരയായ കർഷകൻ മരിച്ചു. വേലൂർ ലിസിഭവനു സമീപം വല്ലൂരാൻ പൗലോസിന്റെ മകൻ ഷാജുവാണ്(52) മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് കൃഷിയിടത്തിൽവച്ചാണു കുത്തേറ്റത്. വീടിനു സമീപം പാട്ടത്തിനെടുത്ത സ്ഥലത്തു വാഴയും പച്ചക്കറിയുമാണു കൃഷി ചെയ്തിരുന്നത്. തോട്ടം നനച്ചുകൊണ്ടിരിക്കവേ കടന്നലുകൾ ഷാജുവിനെ ആക്രമിക്കുകയായിരുന്നു.
പ്രദേശവാസികൾ ഏറെ പണിപ്പെട്ടാണ് ഷാജുവിനെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ അർധരാത്രിയോടെയാണു മരണം സംഭവിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ജെസി, മക്കൾ: ജിസ് മോൻ, ജിസ്ന. മരുമകൾ: ധന്യ.