ഡിണ്ടിഗലിൽ വാഹനാപകടം: രണ്ട് മേപ്പയ്യൂർ സ്വദേശികൾ മരിച്ചു
Friday, January 3, 2025 2:31 AM IST
മേപ്പയ്യൂർ(കോഴിക്കോട്): തമിഴ്നാട് ഡിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മേപ്പയ്യൂർ സ്വദേശികളായ രണ്ടു സ്ത്രീകൾ മരിച്ചു. ജനകീയ മുക്ക് പാറച്ചാലിൽ ശോഭ (60), പാറച്ചാലിൽ ശോഭന (54) എന്നിവരാണു മരിച്ചത്. അപകടത്തിൽ പത്തോളം പേർക്കു പരിക്കേറ്റതായാണ് വിവരം.
ക്ഷേത്രദർശനം കഴിഞ്ഞ് വരവേ ഇവർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് ഹൈവേയുടെ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. പരിക്കേറ്റവരെ മധുര മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശോഭയുടെ ഭർത്താവ്: പരേതനായ ഗോവിന്ദൻ (റിട്ട. ആരോഗ്യ വകുപ്പ് ), മക്കൾ: സോജി , ജോസി. മരുമക്കൾ: പ്രദീപൻ (ഫയർ ഫോഴ്സ്), അരവിന്ദൻ (ഫുഡ് ആൻഡ് സേഫ്റ്റി). ശോഭനയുടെ ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ഷബിൻ (ബെവ്കോ), അശ്വതി കൃഷ്ണ. മരുമക്കൾ: അഞ്ജലി, മിഥുൻ രാജ്.