ചതിച്ചവർക്കും പെട്ടിചുമടുകാർക്കും 2025 ശോഭനമായിരിക്കില്ല: പി.കെ. ശശി
Thursday, January 2, 2025 2:55 AM IST
ഷൊർണൂർ: കൂടെ നിന്നു കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്നു കരുതുന്നവർക്കു നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നു കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി.കെ. ശശി. പുതുവർഷത്തെ വരവേറ്റുകൊണ്ട് സമൂഹമാധ്യമത്തിലാണു ശശി ആഞ്ഞടിച്ചിരിക്കുന്നത്.
ആയിരങ്ങളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ള പുതപ്പിച്ച്, ആ പണംകൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിനു വകനൽകില്ല പുതുവർഷമെന്ന് അദ്ദേഹം തുറന്നടിക്കുന്നു.
അപ്പൊ കാണുന്നവനെ അപ്പനെന്നു വിളിക്കാനും, കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്കു സുന്ദരകാലമായിരുന്നുവെന്നും എന്നാൽ അവരെ കാത്തിരിക്കുന്നത് മഹാദുരന്തമായിരിക്കുമെന്നുമാണ് ശശിയുടെ മുന്നറിയിപ്പ്.
പാർട്ടി അച്ചടക്കനടപടിയുടെ പേരിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽനിന്നും സിഐടിയു ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്നും മാറ്റിയ ശശിയെ പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തിയിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ പ്രതികരണമാണ് പി.കെ. ശശി ഇപ്പോൾ നടത്തിയിരിക്കുന്നത്.