വീണയെ സംരക്ഷിക്കാൻ മന്ത്രിയെക്കൊണ്ടു കള്ളം പറയിക്കുന്നു: മാത്യു കുഴൽനാടൻ
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ സംരക്ഷിക്കാൻ സിപിഎം മന്ത്രി കെ.എൻ. ബാലഗോപാലിനെക്കൊണ്ടു കള്ളം പറയിക്കുകയാണെന്നു മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്നും കിട്ടിയ പണത്തിനു സേവന നികുതി വീണ അടച്ചിട്ടില്ല. ജിഎസ്ടി നിലവിൽ വന്നതു 2017-ലാണ്.
അതിനു മുന്പു വീണയ്ക്ക് നികുതി അടയ്ക്കണമെങ്കിൽ സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. എന്നാൽ വീണയ്ക്കു സർവീസ് ടാക്സ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു കമ്മീഷണറേറ്റ് ടാക്സിൽ നിന്നും ഇക്കാര്യം തെളിയിക്കുന്ന വിവരാവകാശ രേഖ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ മാത്യു കൂഴൽനാടൻ പുറത്തുവിട്ടു.
മകളുടെ കന്പനി നടത്തിയതു സേവനമാണെന്നും അതിനു നികുതി നൽകിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. രണ്ടു കന്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടുകളാണ്. ഇതിനു നിയമപരമായ നികുതി നൽകിയിട്ടുണ്ട്. ആ നികുതി നൽകിയതുകൊണ്ട് ഇത് അഴിമതി അല്ലെന്നായിരുന്നു സിപിഎമ്മിന്റെ വാദം.
1.72 കോടി രൂപയ്ക്കു നികുതിയടച്ചു എന്ന ചോദ്യത്തിനു നിയമപ്രകാരം സംസ്ഥാനത്തിനു കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെട്ടു ധനമന്ത്രിക്കു താൻ കത്തു നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1.72 കോടി രൂപയിൽ ജിഎസ്ടി അടയ്ക്കും മുന്പ് എത്ര രൂപ വീണയ്ക്കു ലഭിച്ചതെന്ന് അന്വേഷിക്കണം. 1.72 കോടി രൂപയ്ക്കു മുഴുവനായി നികുതി അടച്ചെന്ന് ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാട് എന്താണെന്നു പറയണം.
മുഖ്യമന്ത്രിക്കസേരയിൽ തുടരാൻ പിണറായി വിജയൻ യോഗ്യനല്ല. മാസപ്പടി കേസ് മുന്നോട്ടുകൊണ്ടുപോകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി.