ഒന്നാംസ്ഥാനം ലഭിച്ച ടീമിന് അനുവദനീയമായതിലും മാര്‍ക്ക് ; ഇടപെട്ട് കോടതി
Friday, January 3, 2025 2:31 AM IST
കൊച്ചി: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് കലോത്സവ മാന്വല്‍ പ്രകാരം അനുവദനീയമായതിലും കൂടുതല്‍ മാര്‍ക്ക് നല്‍കിയത് ചോദ്യംചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി.
ഗ്രൂപ്പിനമായ ചവിട്ടുനാടകത്തില്‍ പരമാവധി നല്കാവുന്ന മാര്‍ക്ക് 15 ആയിരുന്നു. എന്നാല്‍ മൂന്നു വിധികര്‍ത്താക്കളില്‍ ഒരാള്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച ടീമിന് 20 ഉം 25ഉം മാര്‍ക്ക് നല്കി. ഇത് മാന്വലിനു വിരുദ്ധമാണെന്നും അതിനാല്‍ മത്സരം റദ്ദ് ചെയ്യണമെന്നും തങ്ങള്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഏഴാം സ്ഥാനം ലഭിച്ച സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ചവിട്ടുനാടകം ടീം ക്യാപ്റ്റന്‍ എ. ആദിയ അഭിഭാഷകരായ അഡ്വ. സജല്‍ ഇബ്രാഹിം, കെ.എസ്. അജാസ് എന്നിവര്‍ മുഖേന നല്കിയ ഹര്‍ജിയിലാണു കോടതിയുടെ ഇടക്കാല ഉത്തരവ്.
കലോത്സവ മാന്വലിനു വിരുദ്ധമായി മാര്‍ക്ക് കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്നും തന്മൂലം ഹര്‍ജിക്കാരുടെ തെരഞ്ഞെടുക്കപ്പെടാനുള്ള അവകാശം ഹനിക്കപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ ഹര്‍ജിക്കാരുടെ ടീമിന് അര്‍ഹതയുണ്ടെന്ന് ജസ്റ്റീസ് എസ്. ഈശ്വരൻ ഇടക്കാല ഉത്തരവ് നൽകി.
മത്സരം നടന്ന സമയത്തു സ്റ്റേജില്‍ വിരിച്ചിരുന്ന കാര്‍പെറ്റ് തട്ടി ഒരു അംഗം വീണെന്നും മറ്റൊരു കുട്ടിയുടെ കിരീടം കര്ട്ടന് കൊണ്ടു വീണെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കു മത്സരത്തിന്റെ സ്കോര്‍ കാര്‍ഡ് ലഭിക്കുകയും അതു പരിശോധിച്ചതില്‍നിന്ന് ചവിട്ടു നാടകത്തില്‍ കലോത്സവ മാന്വല്‍ പ്രകാരം അഭിനയം, അവതരണം എന്നിവയ്ക്കു പരമാവധി നല്‍കേണ്ടത് 15 മാര്‍ക്ക് ആണെന്നും വ്യക്തമായി.