ഹരിവരാസനം പുരസ്കാരം കൈതപ്രത്തിന്
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് പുരസ്കാരം സമ്മാനിക്കുമെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.
സംഗീതത്തിലെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസുകളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ തെരഞ്ഞെടുത്തത്.
റവന്യൂ (ദേവസ്വം) സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ സി.വി. പ്രകാശ്, സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്കാര നിർണയ സമിതി.