ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി
Thursday, January 2, 2025 2:55 AM IST
കൊച്ചി: വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. മക്കൾക്ക് പുതുവത്സരാശംസ നേർന്നുവെന്നും ശ്വാസകോശത്തിലെ പരിക്കുകള്‍ക്ക് കഴിഞ്ഞദിവസത്തേക്കാള്‍ ഭേദമുണ്ടെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. ഉമ ശരീരം ചലിപ്പിച്ചെന്നും ചുണ്ടുകള്‍ അനക്കി പുതുവത്സരാശംസ നേര്‍ന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നേര്‍ത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്റെ പ്രതികരണം. ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസത്തേക്കാള്‍ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യം കുറച്ചു ദിവസങ്ങള്‍ കൂടി തുടരും. എപ്പോള്‍ വെന്റിലേറ്ററില്‍നിന്ന് മാറ്റാനാകും എന്നതാണ് ഇനി നോക്കേണ്ടത്. തലയിലെ മുറിവ് ഭേദപ്പെട്ടുവരുന്നു.
എംഎല്‍എ മക്കളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്നുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. ശരീരത്തിനു വേദനയുണ്ട്, അതു സ്വാഭാവികമാണ്. വേദന കുറയ്ക്കാനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്. വേഗത്തില്‍ ശ്വാസം വലിക്കാനാകാത്ത അവസ്ഥ ഇപ്പോഴും നിലവിലുണ്ടെന്നും ഇടയ്ക്ക് സ്വയം ശ്വാസം വലിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.