അനിൽ അംബാനിയുടെ കന്പനിയിൽ കെഎഫ്സിയുടെ നിക്ഷേപം: അഴിമതി ആരോപിച്ച് വി.ഡി. സതീശൻ
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) അനിൽ അംബാനിയുടെ മുങ്ങാൻ പോകുന്ന കന്പനിയിൽ 60.80 കോടി രൂപ നിക്ഷേപിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇതിലൂടെ സംസ്ഥാന സർക്കാരിന് 101 കോടി രൂപയുടെ നഷ്ടമുണ്ടായി. വൻതുക കമ്മീഷനായി വാങ്ങിയാണ് ഭരണ നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലിക്വിഡേറ്റ് ആകാൻ പോകുന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനു വേണ്ടിയാണ് കെഎഫ്സി രൂപീകരിച്ചത്. 2018 ഏപ്രിൽ 26ന് അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ) എന്ന സ്ഥാപനത്തിൽ കെഎഫ്സി 60.80 കോടി രൂപ നിക്ഷേപിച്ചു. അനിൽ അംബാനിയുടെ കന്പനികളൊക്കെ തകർന്നു കൊണ്ടിരിക്കുന്ന കാലത്താണ് നിക്ഷേപം നടത്തിയത്.
ആദ്യ രണ്ടു വർഷം വാർഷിക റിപ്പോർട്ടിൽ നിക്ഷേപവിവരം മറച്ചുവച്ചു. 2020-21 ലെ റിപ്പോർട്ടിലാണ് ആർസിഎഫ്എൽ എന്ന പേര് വരുന്നത്. പക്ഷേ 2019 ൽ ആർസിഎഫ്എൽ ലിക്വിഡേറ്റ് ചെയ്തു. ലിക്വിഡേഷന്റെ ഭാഗമായി 7.09 കോടി രൂപ കിട്ടിയെന്നും 2020-21 ലെ വാർഷിക റിപ്പോർട്ടിലുണ്ട്. 60.80 കോടി നിക്ഷേപത്തിന് പലിശ ഉൾപ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്താണ് 7.09 കോടി രൂപ കിട്ടിയെന്നു പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
നിക്ഷേപത്തിന്റെ കരാർ രേഖകൾ പുറത്തുവിടണം. നൂറു കോടിയിലധികം നഷ്ടമുണ്ടാക്കിയ അഴിമതി അന്വേഷിക്കാൻ അടയന്തരമായി സർക്കാർ തീരുമാനിക്കണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണ നേതൃത്വത്തിലുള്ളവരെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കെഎഫ്സി ഡയറക്ടർ ബോർഡ് പോലും അറിയാതെയാണ് ഇത്രയും പണം നിക്ഷേപിച്ചത്. സർക്കാർ മറുപടി നൽകിയ ശേഷം ഏതു തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാമെന്നും സതീശൻ പറഞ്ഞു.
എല്ലാ നിയമവും പാലിച്ചിരുന്നു: മന്ത്രി കെ.എൻ. ബാലഗോപാൽ
എല്ലാ നിയമവും പാലിച്ചാണ് ആർസിഎഫ്എൽ കന്പനിയിൽ നിക്ഷേപം നടത്തിയത്. ഒരു ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയർന്ന റേറ്റിംഗ് ആയിരുന്നു. മനഃപൂർവമായ ഒരു നഷ്ടവും വരുത്തിയില്ല. നഷ്ടപരിഹാരം ലഭിക്കുന്നതിനു മുംബൈ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നു. ഏറ്റവും കുറച്ച് എൻപിഎ ഉള്ള സ്ഥാപനമാണ് കെഎഫ്സിയെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ല.