പുതുവത്സരാശംസകൾ പറഞ്ഞില്ല; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
Thursday, January 2, 2025 2:55 AM IST
വടക്കാഞ്ചേരി: പുതുവത്സരാശംസകൾ പറയാത്തതിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു. ആറ്റൂർ സ്വദേശി പുവ്വത്തിങ്കൽ വീട്ടിൽ സുഹൈബിനാണ് മുള്ളൂർക്കരയിൽവച്ച് കുത്തേറ്റത്. സുഹൈബിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് കാപ്പ ചുമത്തിയ പ്രതി ഷാഫിയാണു കുത്തിയത്. സുഹൈബിന് 24 കുത്തേറ്റതായി പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ ചെറുതുരുത്തിയിൽ പുതുവത്സരപരിപാടികൾ കണ്ട് സുഹൈബും കൂട്ടുകാരും ബൈക്കിൽ വരുന്നതിനിടെയാണു സംഭവം.
മുള്ളൂർക്കര ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന പ്രതിയുടെ കൂട്ടുകാരോടു സുഹൈബ് ആശംസ പറഞ്ഞു. എന്നാൽ, തന്നോടാണ് ആശംസ പറയേണ്ടതെന്നു പറഞ്ഞ് ഷാഫി സുഹൈബിനെ കുത്തുകയായിരുന്നുവെന്നു പറയുന്നു. തലയ്ക്കും കൈക്കും കുത്തേറ്റിട്ടുണ്ട്.
ഇതേസമയം, തന്നെ ഒരു കാരണവുമില്ലാതെ സുഹൈബ് കുത്തുകയായിരുന്നുവെന്നു പരാതിപ്പെട്ട് പ്രതിയും മെഡിക്കൽ കോളജിൽ ചികിത്സതേടിയിട്ടുണ്ട്.