ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം; എൽസ്റ്റണ്‍, നെടുന്പാല എസ്റ്റേറ്റുകളിലെ സർവേ വേഗത്തിൽ പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ
Friday, January 3, 2025 2:31 AM IST
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിനു കണ്ടെത്തിയ എൽസ്റ്റണ്‍, നെടുന്പാല എസ്റ്റേറ്റുകളിലെ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നു റവന്യുമന്ത്രി കെ. രാജൻ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടൗണ്‍ഷിപ്പുകളുടെ നിർമാണത്തിനു മുന്നോടിയായുള്ള ഹൈഡ്രോളജിക്കൽ, ജയോളജിക്കൽ, ഫോട്ടോഗ്രാഫിക്, ഭൂമിശാസ്ത്ര സർവേകൾ ഈ മാസം പൂർത്തിയാക്കും. എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയ സർവേ ആരംഭിച്ചു.
വൈകാതെ നെടുന്പാല എസ്റ്റേറ്റിലെ ഭൂമി സർവേ തുടങ്ങും. 20 ദിവസത്തിനകം പൂർത്തിയാക്കും. ഫീൽഡ് പരിശോധന പൂർത്തിയാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണു ടൗണ്‍ഷിപ്പുകൾ നിർമിക്കുക.
സർവേ നടപടികൾക്കുശേഷം ഭൂമി ഒരുക്കൽ ആരംഭിക്കാൻ കിഫ്കോണിനും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്. പുനരധിവാസ പദ്ധതി നിർവഹണത്തിൽ ത്രിതല സംവിധാനമാണ് ഉറപ്പാക്കുന്നത്.
അതിജീവിതർക്കു സർക്കാർ നൽകുന്ന 300 രൂപ ജീവനോപാധി സഹായം ദീർഘിപ്പിച്ചു നൽകാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയോടു ശിപാർശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ലാൻഡ് റവന്യു കമ്മീഷണർ ഡോ.എ. കൗശികൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
കാണാതായവരുടെ കുടുംബങ്ങൾക്കു മരണാനന്തര സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി
വയനാട് പുഞ്ചിരിമട്ടം ദുരന്തത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായധനം വേഗത്തിൽ നൽകാൻ അടിയന്തരനടപടി സ്വീകരിക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക കണക്കുപ്രകാരം ഉരുൾദുരന്തത്തിൽ 263 പേരാണു മരിച്ചത്. ഡിഎൻഎ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 35 പേരെ കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക റവന്യു, പഞ്ചായത്ത്, പോലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ പ്രസിദ്ധീകരിക്കും.
തുടർന്ന് ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിനു മരണ സ്ഥിരീകരണത്തിനു റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് പട്ടികയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.