ഉമ തോമസിനു വീണു പരിക്കേറ്റ സംഭവം; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
Thursday, January 2, 2025 2:55 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേൽക്കാനിടയായ സംഭവത്തിൽ കൊച്ചി കോർപറേഷൻ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കു സസ്പെന്ഷന്. കലൂര്‍ 16-ാം സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍. നിതയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
നൃത്തപരിപാടിക്ക് ലൈസന്‍സ് അപേക്ഷ നല്‍കിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദര്‍ശിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു സസ്പെന്ഷന്. റവന്യു, ഹെല്‍ത്ത്, എൻജിനിയറിംഗ് വിഭാഗങ്ങളുടെ വീഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
സംഘാടകര്‍ വിവിധ വകുപ്പുകള്‍ക്ക് അപേക്ഷ നല്‍കിയത് പരിപാടിക്ക് ഒരുദിവസം മുന്‍പു മാത്രമായിരുന്നു. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അപേക്ഷ സമര്‍പ്പിച്ചത്. തലേദിവസം കോർപറേഷൻ അധികൃതര്‍ സ്റ്റേഡിയത്തില്‍ പരിശോധനയ്ക്കായി ചെന്നപ്പോള്‍ അവിടെ സ്റ്റേജ് നിര്‍മാണമൊന്നും നടക്കാതിരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തിരിച്ചുപോന്നു.
അതേസമയം, നിര്‍മാണങ്ങളെല്ലാം നടന്നതു പരിപാടി നടന്ന ദിവസമായിരുന്നു. എന്നാല്‍, അന്നേദിവസം അധികൃതര്‍ പരിശോധന നടത്തിയതുമില്ല. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനാണു കോർപറേഷന്റെ തീരുമാനം.
സംഘാടകര്‍ക്കു ലഭിച്ചത് ആറു കോടി രൂപ!
കൊച്ചി: ഗിന്നസ് നൃത്തപരിപാടിയില്നിന്നു സംഘാടകര്‍ക്കു ലഭിച്ചത് ആറു കോടി രൂപ. 11,600 പേരാണ് നൃത്ത പരിപാടിയില്‍ പങ്കെടുത്തത്. രജിസ്ട്രേഷന് ഇനത്തില്‍ മാത്രം സംഘാടകര്‍ക്ക് 4.60 കോടി രൂപ ലഭിച്ചു. വസ്ത്രത്തില്നിന്നുള്ള ലാഭം 1.4 കോടി രൂപയാണ്. ഇതു രണ്ടും ചേര്‍ത്താല്‍ ആറു കോടിയുടെ വരുമാനമാണ് സംഘാടകരുടെ പോക്കറ്റിലായത്.
ഇതിനു പുറമെയാണ് പരിപാടി കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകളുടെ വില്പനയില് ലഭിച്ച തുക. ഓണ്‍ലൈന്‍ വഴി എത്രത്തോളം ടിക്കറ്റുകള്‍ വിറ്റുവെന്നതിന്റെ കണക്ക് ഇനിയും ലഭ്യമല്ല. നൃത്തം ചെയ്യാനെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ വരെ ടിക്കറ്റുകള്‍ വാങ്ങിയിരുന്നുവെന്ന് പറയുന്നു. സ്റ്റേഡിയത്തിലേക്ക് കുട്ടികളെ എത്തിക്കാന്‍ ഓരോരുത്തരില്‍നിന്നും ഈടാക്കിയത് 250 രൂപ വീതമാണ്. ഇവര്‍ക്കൊപ്പം മാതാപിതാക്കളോ മറ്റോ വാഹനത്തില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 350 രൂപ വീതവും ഈടാക്കിയിരുന്നു.
ഒമ്പതു ലക്ഷം രൂപയാണ് സ്റ്റേഡിയത്തിന്റെ വാടക. ജിഎസ്ടി 1.62 ലക്ഷവും കൂടി ചേര്‍ത്താല്‍ ആകെ വാടക 10.62 ലക്ഷം രൂപ വരും. ഡിപ്പോസിറ്റായി അഞ്ചു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
മൃദംഗ വിഷന്‍ കമ്പനി ഓസ്കര് ഇവന്റ് മാനേജ്മെന്റിന് പരിപാടി സംഘടിപ്പിക്കാനായി തുക നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം കുറച്ചു കഴിഞ്ഞാലും കോടികളുടെ ലാഭമാണു മൃദംഗ വിഷന്‍ കൈക്കലാക്കിയത്.
പരിപാടിയിലെ പണപ്പിരിവില്‍ സംഘാടകര്‍ക്കെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ ഉടമ എം. നിഗോഷ് കുമാർ, ഇദ്ദേഹത്തിന്റെ ഭാര്യ, സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം, അമേരിക്കന്‍ മലയാളി പൂര്‍ണിമ എന്നിവര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ എറണാകുളം സ്വദേശിയായ രക്ഷിതാവ് ബിജി ഹിലാല്‍ പരാതി നല്‍കിയിരുന്നു.
സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്
കൊച്ചി: നൃത്തപരിപാടിക്കായി അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം കാണിക്കാനും ഷോയുടെ ടിക്കറ്റ് വില്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാനും നിര്‍ദേശിച്ച് സംഘാടകരായ മൃദംഗ വിഷന്‍ കൊച്ചി കോര്പറേഷൻ നോട്ടീസ് നൽകി.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്ക് സാധാരണഗതിയില്‍ കോര്‍പറേഷന്റെ പിപിആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പിപിആര്‍ ലൈസന്‍സ് എടുക്കാതെ ഗാലറിയില്‍ സ്റ്റേജ് നിര്‍മിച്ചു പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്നാണ് റവന്യു വിഭാഗം നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദനികുതി വെട്ടിച്ചതിനാണു രണ്ടാമത്തെ നോട്ടീസ്.
പരിപാടി കാണാന്‍ എത്തിയവര്‍ക്കു പണം വാങ്ങി വിറ്റ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ലഭിച്ച പണം എത്ര തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കണമെന്നാണു രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണു നിര്‍ദേശം.