ഗവർണർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും
Thursday, January 2, 2025 2:55 AM IST
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.
ഗവർണർ എത്തും മുന്പ് രണ്ടു വാഹനങ്ങൾ വാങ്ങാൻ അനുമതി
തിരുവനന്തപുരം: പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എത്തും മുന്പ് രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങൾ വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി.
കാലാവധി കഴിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി തർക്കത്തിലായിരുന്ന സാഹചര്യത്തിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ പരിമിതമായ അനുമതി മാത്രമായിരുന്നു നൽകിയിരുന്നത്.