സര്‍ക്കാരുകള്‍ക്ക് മുന്നാക്ക സമുദായങ്ങളോട് അവഗണന: ജി. സുകുമാരന്‍ നായര്‍
Thursday, January 2, 2025 2:55 AM IST
ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നാക്ക സമുദായങ്ങളോട് അവഗണനയാണെന്നും രാഷ്ട്രീയക്കാര്‍ക്ക് വോട്ടുബാങ്കിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്ന മന്നം നഗറില്‍ ആരംഭിച്ച മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗമായുള്ള അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കിനായി പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളെ സ്വാധീനിക്കാനും അതിനനുകൂലമായ ഉത്തരവുകളിറക്കാനും തീരുമാനങ്ങളുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളോടുള്ള അവഗണന മാറണമെങ്കില്‍ പെരുന്ന മന്നം സമാധിമണ്ഡപത്തിലെത്തി ഊര്‍ജം സംഭരിച്ച് സംഘടിച്ച് ശക്തരാകുകയാണ് വേണ്ടതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പൊതു, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നയങ്ങള്‍ തിരുത്തണമെന്നും ജാതിയുടെയും മതത്തിന്റെയും രാഷ്്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി ഭരണഘടനാധിഷ്ഠിത ദേശീയ ഇഡബ്ല്യുഎസ് കമ്മീഷനും ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോര്‍പറേഷനും രൂപീകരിക്കണമെന്നും ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ എന്‍എസ്എസ് ആവശ്യപ്പെട്ടു. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ എ.ന്വി. അയ്യപ്പന്‍പിള്ള, എക്സിക്യൂട്ടീവ് കൗണ്‍സിലംഗം ഹരികുമാര്‍ കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മന്നം ജയന്തിദിനമായ ഇന്നു രാവിലെ ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് ജയന്തി സമ്മേളനം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പത്മ കഫേകള്‍ ആരംഭിക്കും
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പുതുതായി പത്തനാപുരത്തും പന്തളത്തും പത്മ കഫേകള്‍ ആരംഭിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
പെരുന്ന മന്നം നഗറില്‍ ആരംഭിച്ച മന്നം ജയന്തി സമ്മേളനത്തിനു തുടക്കംകുറിച്ചുനടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഏഴ് പത്മ കഫേകളാണുള്ളത്. കഫേകളില്‍ നാനൂറോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ 18,975 സ്വയംസഹായ സംഘങ്ങളിയായി മൂന്നര ലക്ഷം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘങ്ങളിലൂടെ 3335 കോടി രൂപയുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നുണ്ട്.
മുന്നാക്ക സമുദായ കോര്പറേഷന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നാക്ക സമുദായാംഗങ്ങള്‍ക്കായി നടപ്പാക്കിവരുന്ന ഫാമിംഗ് പദ്ധതികളും തൂശനില മിനി കഫേ പ്രോജക്ടുകളും വനിതാ സഹായ സംഘങ്ങളിലൂടെ വിജയകരമായി നടക്കുന്നതായും ജനറല്‍സെക്രട്ടറി പറഞ്ഞു.