ഉമ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ ഗുരുതര വീഴ്ച: കമ്മീഷണര്‍
Tuesday, December 31, 2024 1:10 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. അപകടത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കും.
ഏതൊക്കെ അനുമതികളാണ് ഇല്ലാതിരുന്നതെന്നും അനധികൃതമായി വേദി നിര്‍മിച്ചത് എങ്ങനെയാണെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ചോദ്യത്തിന് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും കമ്മീഷണര്‍ മറുപടി നല്കി.
സുരക്ഷാ പാളിച്ചയെന്ന് അഗ്നിരക്ഷാ വിഭാഗം റിപ്പോര്‍ട്ട്
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്ത് വകുപ്പിനും ഗുരുതര വീഴ്ച സംഭവിച്ചതായി അഗ്നിരക്ഷാ വിഭാഗം റിപ്പോര്‍ട്ട്.
മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അഗ്നിരക്ഷാവിഭാഗം ജില്ലാ ഓഫീസര്‍ സംസ്ഥാന മേധാവിക്കു കൈമാറി.
ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷാനടപടി. സ്റ്റേജുകള്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതാണെങ്കില്‍ 1.2 മീറ്റര്‍ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകള്‍ വശങ്ങളില് സ്ഥാപിക്കണമെന്നാണു ചട്ടം.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. കലൂര്‍ സ്റ്റേഡിയത്തില്‍ ഇതു രണ്ടും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിൽ കസേരകള്‍ ഇടാനാണു സ്ഥലമൊരുക്കിയത്.
ദുര്‍ബലമായ ക്യൂ ബാരിയറുകള്‍ ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പുല്‍ത്തകിടിയില്‍ നടത്താന്‍ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്കു മാറ്റിയ കാര്യം അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.